* മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
* ജനുവരി ഏഴ് മുതല്‍ 14 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും
ജനുവരിയില്‍ കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഓഫീസ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 2018 ജനുവരി ഏഴിന് തുടങ്ങുന്ന വസന്തോത്സവം 14 ന് അവസാനിക്കും.
ലോക കേരള സഭയോടനുബന്ധിച്ച് നടക്കുന്ന വസന്തോത്സവത്തിന് വേണ്ടുന്ന എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉദേ്യാഗസ്ഥര്‍ അറിയിച്ചു. പതിനായിരത്തിലധികം പുഷ്പങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുഷ്പമേള, ബോണ്‍സായ് പ്രദര്‍ശനം, ഇരപിടിയന്‍ സസ്യങ്ങള്‍, അപൂര്‍വ സസ്യങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, കാര്‍ഷിക – മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേള, അക്വാഷോ, തേന്‍ കൃഷിയും വിപണനവും സംബന്ധിച്ച പ്രദര്‍ശനം, ആദിവാസി ജീവിതം വ്യക്തമാക്കുന്ന ഊരുകളുടെ ആവിഷ്‌ക്കാരം, കേരളത്തിന്റെ തനത് കാവുകളുടെ പുനരാവിഷ്‌ക്കാരം, ഭക്ഷ്യമേള എന്നിങ്ങനെ വ്യത്യസ്ഥതകളാണ് ഈ വസന്തോത്സവത്തിന്റെ സവിശേഷത. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായും ടൂറിസം, കൃഷി വകുപ്പ് മന്ത്രിമാര്‍ ചെയര്‍മാന്‍മാരുമായുമുള്ള സംഘാടക സമിതിയില്‍ പ്രതേ്യകം കമ്മിറ്റികളാവും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. വിനോദസഞ്ചാര വകുപ്പാണ് നോഡല്‍ ഏജന്‍സി. കൃഷി വകുപ്പും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും മുഖ്യ പങ്കാളികളാണ്.
എല്ലാ ദിവസവും നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കോളേജുകളുടേയും റിസഡന്‍സ് അസോസിയേഷനുകളുടേയും നേതൃത്വത്തില്‍ കലാപരിപാടികളുമുണ്ടാകും.
ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് എം.സി. ദത്തന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍, ഡി.റ്റി.പി.സി സെക്രട്ടറി റ്റി.പി. പ്രശാന്ത് തുടങ്ങിയവരും പങ്കെടുത്തു.