*വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും 
** സ്റ്റാളുകള്‍ക്കുള്ള അപേക്ഷ 29 വൈകിട്ട് മൂന്നുവരെ സ്വീകരിക്കും
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയോടനുബന്ധിച്ച്  വിനോദ സഞ്ചാര വകുപ്പിന്റേയും കൃഷി വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ 2018 ജനുവരി 7 മുതല്‍ 14 വരെ  വസന്തോത്സവം  സംഘടിപ്പിക്കും.
പുഷ്പമേള, കാര്‍ഷിക പ്രദര്‍ശന-വിപണന മേള, ഔഷധ-അപൂര്‍വ്വ സസ്യ പ്രദര്‍ശനം, ആദിവാസി ജീവിതത്തിന്റെ നേര്‍കാഴ്ചയൊരുക്കി ആദിവാസി ഊരിന്റെ പുനരാവിഷ്‌ക്കാരം, തേന്‍കൃഷി, വിപണനം എന്നിവയുടെ പ്രദര്‍ശനമൊരുക്കി ‘തേന്‍കൂട്’, അക്വാഷോ, ഭക്ഷ്യമേള എന്നിവ മേളയുടെ ഭാഗമായുണ്ടാകും.  അത്യുത്പാദന ശേഷിയുള്ള കാര്‍ഷിക വിളകളുടേയും, കാര്‍ഷിക ഉപകരണങ്ങളുടേയും പ്രദര്‍ശന വില്‍പ്പനയും ഉണ്ടായിരിക്കും.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍  പതിനായിരത്തില്‍പ്പരം പുഷ്പങ്ങളുടേയും സസ്യങ്ങളുടേയും മനം മയക്കുന്ന വര്‍ണ്ണകാഴ്ചയൊരുക്കി സംഘടിപ്പിക്കുന്ന പുഷ്പ, സസ്യമേള വസന്തോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. അലങ്കാര പുഷ്പങ്ങളുടേയും സസ്യങ്ങളുടേയും പ്രദര്‍ശനത്തോടൊപ്പം പുഷ്പക്രമീകരണവും സംഘടിപ്പിക്കുന്നുണ്ട്. അനുദിനം ശോഷിച്ചുകൊണ്ടിരിക്കുന്ന കാവുകളുടെ  നേര്‍ക്കാഴ്ചയും, ബോണ്‍സായ് മരങ്ങളുടേയും, അപൂര്‍വ്വ ഓര്‍ക്കിഡുകളുടേയും, ഇരപിടിയന്‍ സസ്യങ്ങളുടേയും വന്‍ശേഖരവും പ്രദര്‍ശനത്തിനായി ഒരുങ്ങുന്നു.
പ്രദര്‍ശനത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. അലങ്കാര സസ്യങ്ങള്‍, ഉദ്യാന വിന്യാസം, പുഷ്പിക്കുന്ന ചെടികള്‍, ആന്തൂറിയം, ഓര്‍ക്കിഡുകള്‍, റോസ് എന്നിവയുടെ പ്രത്യേക മത്സരങ്ങളാണ്  പ്രധാനപ്പെട്ടവ. വിശദവിവരങ്ങള്‍ക്ക് 9447730214
(ഡോ. മാത്യു ഡാന്‍), 9446122244 (ഗോപകുമാര്‍) എന്നിവരെ ബന്ധപ്പെടണം.
പൂക്കളുടെ ക്രമീകരണം, വെജിറ്റബിള്‍ കാര്‍വിങ്ങ്, ബൊക്കെ നിര്‍മ്മാണം, പുഷ്പറാണി മത്സരം എന്നിവയും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും, പ്രൊഫഷണലുകള്‍ക്കും, മറ്റ് വ്യക്തികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളായിരിക്കും. വിശദവിവരങ്ങള്‍ക്ക്  9249798390(സാബു), 9895669000.
വസന്തോത്സവവുമായി ബന്ധപ്പെട്ട് സൂര്യകാന്തിയില്‍ അനുവദിക്കുന്ന വ്യാപാരസംബന്ധമായ സ്റ്റാളുകളുടെ വിശദാംശങ്ങളും അപേക്ഷയും ഡിസംബര്‍ 21 മുതല്‍ കനകക്കുന്നിലെ ഫെസ്റ്റിവല്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഡിസംബര്‍ 29 വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ ഫെസ്റ്റിവല്‍ ഓഫീസില്‍ എത്തിച്ച് രസീത് കൈപ്പറ്റണം. വിശദവിവരങ്ങള്‍ www.vasantholsavamkerala.org എന്ന വെബ്‌സൈറ്റില്‍.