*വിമുക്തഭടൻമാരുടെ മക്കൾക്ക് മത്സരപ്പരീക്ഷാസഹായം 35,000 രൂപയായി വർധിപ്പിച്ചു

വിമുക്തഭടൻമാർക്കും ആശ്രിതർക്കും സൈനികക്ഷേമവകുപ്പ് വഴി നൽകുന്ന ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന രാജ്യസൈനിക ബോർഡ് യോഗം തീരുമാനിച്ചു. എയിഡ്സ് രോഗികളായ വിമുക്തഭടൻമാർ/ അവരുടെ വിധവകൾ/ വിമുക്തഭടൻമാരുടെ ഭാര്യ/ ആശ്രിതരായ മക്കൾ എന്നിവർക്ക് ആദ്യമൂന്നുവർഷത്തക്ക് നൽകിയിരുന്ന ധനസഹായം ആജീവനാന്തമാക്കാൻ യോഗം അനുമതി നൽകി. പ്രതിമാസം 1500 രൂപ നിരക്കിലാണ് ധനസഹായം നൽകുന്നത്. വിമുക്തഭടൻമാരുടെ മക്കൾക്ക് സിവിൽ സർവീസ് ഉൾപ്പെടെ വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരീശീലനത്തിനുള്ള ധനസഹായം 20,000 രൂപയിൽനിന്ന് 35,000 രൂപയായി ഉയർത്തുകയും ഇതിനായുള്ള വരുമാനപരിധി നാലുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി വർധിപ്പിച്ചതുമാണ് മറ്റൊരു പ്രധാന തീരുമാനം. സെറ്റ്, നെറ്റ്, ജെ.ആർ.എഫ്, ഐ.സി.ഡബ്‌ള്യൂ.എ, സിഎ തുടങ്ങിയ പരീക്ഷകൾക്കും ഇത്തരത്തിൽ ധനസഹായം ലഭിക്കും.
ദേശീയ അന്തർദേശീയ കായികമത്സരങ്ങളിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടുന്ന വിമുക്തഭടൻമാർ/ ആശ്രിതർക്ക് യഥാക്രമം ഒരുലക്ഷം, 50,000, 25,000 രൂപ വീതവും അന്തർദേശീയ മത്സരവിജയികൾക്ക്  യഥാക്രമം 1,50,000 രൂപ, ഒരുലക്ഷം, 75,000 രൂപ വീതവും നൽകാനും യോഗം തീരുമാനിച്ചു. 2018 ഏപ്രിൽ ഒന്ന് മുതൽ മുൻകാലപ്രാബല്യത്തോടെയാണ് ഈ ഒറ്റത്തവണ സാമ്പത്തികവിതരണം.
നിലവിൽ സംസ്ഥാന മിലിട്ടറി ബെനവലന്റ് ഫണ്ടിൽനിന്നും രാജ്യസൈനികബോർഡിന്റെയും സർക്കാരിന്റെയും അംഗീകാരത്തോടെ 29 വ്യത്യസ്തപദ്ധതികൾ പ്രകാരം സൈനികക്ഷേമ വകുപ്പ് ധനസഹായം നൽകുന്നുണ്ട്. വിമുക്തഭടൻമാർക്കോ അവരുടെ ആശ്രിതർക്കോ പെട്ടെന്നുണ്ടാകുന്ന സാമ്പത്തികബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഫണ്ടിൽനിന്നും മുഖ്യമന്ത്രി 50,000 രൂപയും സൈനികക്ഷേമവകുപ്പ് മേധാവി 20,000 രൂപയും അനുവദിക്കും. ജില്ലാതലത്തിൽ കളക്ടർക്കും ജില്ലാ സൈനിക ഓഫീസർക്കും ഈ പദ്ധതിപ്രകാരം യഥാക്രമം 10,000, 5000 രൂപ അനുവദിക്കാം.
കൂടാതെ നിർധനരായ വിമുക്തഭടൻമാരുടെ സാമ്പത്തികബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് 8000 മുതൽ 10,000 രൂപ വരെ അർഹതയ്ക്കുവിധേയമായി സംസ്ഥാനഫണ്ടിൽനിന്നും നൽകും. ജില്ലാഫണ്ടിൽനിന്നും 6000 മുതൽ 7000 രൂപ വരെ നൽകും.
വിവിധ തരത്തിലുള്ള ചികിത്സാസഹായങ്ങളും വിമുക്തഭടൻമാരുടെ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന മക്കൾക്കുള്ള ധനസഹായപദ്ധതികളും ഫണ്ട് നടപ്പാക്കുന്നു. ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങൾ ബാധിച്ച വിമുക്തഭടൻമാർക്ക് ഫണ്ടിൽനിന്നും മൂന്നുവർഷത്തെ തുടർശുശ്രൂഷയ്ക്കായി പ്രതിമാസം 1500 രൂപ ധനസഹായം നൽകുന്നു. ക്യാൻസർരോഗികളായ വിമുക്തഭടൻമാർ/വിധവകൾ/ഭാര്യമാർക്ക് പ്രതിമാസം 1500 രൂപവീതം ഒരുവർഷത്തേക്ക് ധനസഹായം നൽകുന്നു. പെൻഷനോ മറ്റു സമാന ആനുകൂല്യങ്ങളോ ലഭ്യമാകാത്തവർക്ക് പ്രതിമാസം 3000 രൂപ വീതം പരമാവധി രണ്ടുവർഷം വരെ ധനസഹായം നൽകും. വാർഷികവരുമാനപരിധി അഞ്ചുലക്ഷം രൂപയിൽ താഴെയുള്ള വിമുക്തഭടൻമാരുടെ 40 ശതമാനത്തിൽ കുറയാതെ ശാരീരീക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കും പ്രതിമാസം 3000 രൂപ ധനസഹായം ലഭിക്കും. ഡയാലിസിസിനു വിധേയരാകുന്ന വിമുക്തഭടർ/വിധവകൾ/ ആശ്രിതർക്കും ഡയാലിസിസ് ഒന്നിന് 1000 രൂപവീതം പരമാവധി 30,000 രൂപവരെ അനുവദിക്കുന്നതാണ് മറ്റൊരു പദ്ധതി. അവയവമാറ്റ ശസ്ത്രക്രിയയ്്ക്കുശേഷം 3000 രൂപ പ്രതിമാസം ഒരുവർഷത്തേക്കു നൽകുന്നു.
വിമുക്തഭടൻമാർക്കും വിധവകൾക്കും ആശ്രിതർക്കും സ്വയംതൊഴിലിനായി സാമ്പത്തികസഹായം നൽകുന്ന വിവിധ പദ്ധതികൾക്കും സംസ്ഥാന മിലിട്ടറി ബെനവലന്റ് ഫണ്ടിൽനിന്നും ധനസഹായം നൽകുന്നുണ്ട്. സ്വയംതൊഴിൽ തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ഓരോ ജില്ലയിലും തൊഴിലധിഷ്ഠിത പരിശീലനത്തിനായി ധനസഹായം നൽകുന്നു. മത്സരപ്പരീക്ഷയ്ക്കു പങ്കെടുക്കുന്നതിനും ഇന്റർവ്യൂ ബോർഡിനെ അഭമുഖീകരിക്കുന്നതിനുമുള്ള പരിശീലനത്തിന് യഥാർഥ ഫീസ് തുകയോ പരമാവധി 10,000 രൂപയോ ലഭിക്കും. ടെയ്‌ലർ ട്രേഡിലെ വിമുക്തഭടൻമാർക്കും തയ്യൽ അറിയാവുന്ന വിധവകൾക്കും സൗജന്യമായി തയ്യൽമെഷീൻ വിതരണം ചെയ്യുന്നു. കൂടാതെ വിമുക്തഭടൻമാരുടെ/വിധവകളുടെ സ്വയംസഹായസംഘങ്ങൾക്ക് മൂന്ന് തയ്യൽ മെഷീനും രണ്ട് എംബ്രോയ്ഡറി മെഷീനും ഫണ്ടിൽനിന്നും വിതരണം ചെയ്യുന്നുണ്ട്.
ചീഫ് സെക്രട്ടറി ടോം ജോസ്,  സതേൺ എയർ കമാൻഡ് എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് എയർമാർഷൽ ബി.സുരേഷ്, പാങ്ങോട് സൈനിക സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അരുൺ സി.ജി, മറ്റ് ഉന്നതസൈനികോദ്യോഗസ്ഥർ, സൈനികക്ഷേമവകുപ്പ് ഡയറക്ടർ ഇൻ ചാർജ് എ.കിഷൻ തുടങ്ങിയവർ പങ്കെടുത്തു.