കാട്ടാനാക്രമണം രൂക്ഷമായി നിലനില്‍ക്കുന്ന മലമ്പുഴ, പുതുശ്ശേരി, പന്നിമട, കരിമ്പ പ്രദേശങ്ങളില്‍ കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്തുന്നതിനും റേഡിയോ കോളര്‍ സ്ഥാപിക്കാനുമുളള നടപടി ഈ മാസം തന്നെ സ്വീകരിക്കുമെന്ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. നിലവില്‍ പ്രശ്‌നക്കാരായ മൂന്ന് ആനകള്‍ മലമ്പുഴ, മരുതറോഡ്, പന്നിമട എന്നിവിടങ്ങളില്‍ നിലകൊള്ളുന്നുണ്ട് . അവയെ മേല്‍പ്പറഞ്ഞ രീതിയില്‍ തുരത്തും. വിഎസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കാട്ടാനാക്രമണം കൂടുതലുള്ള മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ സൗരോര്‍ജ വേലിയുടെ നിര്‍മാണം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് യോഗത്തില്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റ് ഓഫീസറായ അഞ്ചല്‍ കുമാര്‍ അറിയിച്ചു. സൗരോര്‍ജ്ജ വേലിയുടെ ബാറ്ററി ചാര്‍ജ് കുറഞ്ഞാല്‍ ആനയ്ക്ക് എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയും എന്നതിനാല്‍ കൂടുതല്‍ ബാറ്ററി ചാര്‍ജുള്ള സൗരോര്‍ജ്ജ വേലികള്‍ നിര്‍മ്മിക്കും. ഹൈമാസ്റ്റ് ലൈറ്റുകള്‍ എവിടെയെല്ലാം എത്രദൂരപരിധിയില്‍ സ്ഥാപിക്കണമെന്നത് സംബന്ധിച്ച് നിലവിലുള്ള ജനജാഗ്രതി സമിതികള്‍ വനംവകുപ്പ് അധികൃതരെ അറിയിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്ന്് വിഎസ് അച്യുതാനന്ദന്‍ എം.എല്‍.എ അറിയിച്ചു. ഇതില്‍് കെഎസ്ഇബി അധികൃതരുടെ സഹകരണവും അനിവാര്യമാണെന്ന് യോഗത്തില്‍ വ്യക്തമാക്കി.
ജൂണ്‍ രണ്ടാം വാരത്തോടെ കുങ്കിയാനകളുടെ സാന്നിധ്യവും ഉറപ്പാക്കും. കാട്ടാനാക്രമണത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തിനുള്ള കാലതാമസം ദൂരീകരിക്കാന്‍ അപേക്ഷ സമര്‍പ്പണം, പരിശോധന തുടങ്ങിയവയില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ജനജാഗ്രതാ സമിതികള്‍ കൂടുതല്‍ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിലും പവര്‍ ഗണ്‍ സജ്ജമാക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ എ.കെ ധരണി അറിയിച്ചു. ജില്ലയില്‍ 100 ഹെക്ടറില്‍ അടിക്കാടുകള്‍ വൃത്തിയാക്കും, നൂറുകിലോമീറ്ററില്‍ കിടങ്ങ് സ്ഥാപിക്കും. റാപ്പിഡ് ആക്ഷന്‍ ടീമിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനുളള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു. യോഗതീരുമാനങ്ങള്‍ പഞ്ചായത്തുകള്‍ അനുയോജ്യമായ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ചടുലമായി ചെയ്യേണ്ടതുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ.ശാന്തകുമാരി അറിയിച്ചു.

യോഗത്തില്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍, കര്‍ഷകര്‍, പ്രദേശവാസികള്‍ തുടങ്ങിയവരില്‍ നിന്നുണ്ടായ പ്രധാന നിര്‍ദേശങ്ങള്‍

1. പുതുശ്ശേരി ഭാഗത്ത്് ഭാഗം കാട്ടാന ആക്രമണം തടയാന്‍ റെയില്‍ ഫെന്‍സിംഗ് ഏറെ പ്രയോജനകരമായിരിക്കും.
2. ജനവാസ മേഖലകളിലേക്കുളള കാട്ടാനകളുടെ കടന്നുകയറ്റം ഒഴിവാക്കാനുള്ള പ്രായോഗികനടപടി കൈക്കൊള്ളണം.
3. കാട്ടാനയ്ക്ക് പുറമെ പന്നി, മയില്‍ എന്നിവയുടെ സാന്നിധ്യവും കൃഷിയ്ക്കും ജീവനും ഭീഷണിയാകുന്നുണ്ട് . വനമേഖലകളില്‍ ചുമതലപ്പെടുത്തിയിട്ടുളള വാച്ചര്‍മാര്‍ക്ക് ജോലി നിര്‍വഹിക്കാനുളള സൗകര്യം , അവരുടെ ജോലിയുടെ കൃത്യത എന്നിവ പരിശോധന വിധേയമാക്കണം.
4. വനാതിര്‍ത്തികളില്‍ മൂന്ന് നാല് വരികളിലായി പതിമുഖം വെച്ച് പിടിപ്പിക്കുന്നത് നല്ല പ്രതിരോധമാര്‍ഗ്ഗം ആയിരിക്കും.
5.ആക്രമണഭീഷണി ഉള്ള സ്ഥലങ്ങളില്‍ 50 വോള്‍ട്ടില്‍ പ്രകാശിക്കുന്ന ബള്‍ബുകള്‍ സ്ഥാപിക്കണം.
6.ഉള്‍ക്കാടുകളില്‍ വന്യജീവികള്‍ക്കുള്ള ആഹാരവും വെള്ളവും ആവശ്യത്തിന് ലഭ്യമാക്കണം.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ബാലമുരളി, എ.ഡി.എം എന്‍.എം മെഹറാലി, പാലക്കാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വെല്ലൂരി, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ കെ.കെ സുനില്‍ കുമാര്‍, ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പ്രതിനിധികള്‍, കര്‍ഷകര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു