കൊച്ചി: എറണാകുളം ജില്ലയിലെ സ്ക്കുളുകളിലെ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്ക് പതിനായിരം പ്രകൃതി സൗഹൃദ പെന്‍സില്‍ പൗച്ചുകള്‍ വിതരണം ചെയ്തു. വടക്കന്‍ പറവൂര്‍ മുന്‍സിപ്പല്‍ ടൗണ്‍
ഹാള്‍, മുളന്തുരുത്തി ടെക്നിക്കല്‍ സ്ക്കൂൾ, മണീട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂൾ എന്നിവടങ്ങളില്‍ നടന്ന ചടങ്ങുകളിൽ സിവില്‍ സര്‍വ്വീസ് 29-ാം റാങ്ക് ജേതാവ് ആര്‍. ശ്രീലക്ഷ്മി ചങ്ങാതിച്ചെപ്പ്
എന്ന് പേരിട്ടിട്ടുള്ള തുണി പൗച്ചുകളുടെ വിതരണം നടത്തി. ‘ഹരിത കേരളത്തിലേക്കൊരു ചുവട്’ എന്ന
ആശയത്തെ അടിസ്ഥാനമാക്കി തുണിക്കടകളും തയ്യല്‍ കേന്ദ്രങ്ങളും ഉപേക്ഷിക്കുന്ന വെട്ടുതുണിക്കഷണങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ പെന്‍സില്‍ പൗച്ചുകളാണ് ചങ്ങാതിച്ചെപ്പ് എന്ന് പേരിട്ട് ജില്ലാ ഹരിത കേരളം മിഷന്‍റെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്തത്.
കുട്ടികളില്‍ പുനരുപയോഗം ശീലമാക്കുക എന്ന സന്ദേശം എത്തിക്കുകയാണ്
പദ്ധതിയുടെ ലക്ഷ്യം. ജില്ലാ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, സെന്‍റ് തെരേസാസ് കോളേജ്, ജില്ലയിലെ തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങൾ എന്നിവ ചേര്‍ന്നാണ് ചങ്ങാതിചെപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയില്‍ തൃക്കാക്കര, തൃപ്പുണിത്തുറ, ഏലൂര്‍ മുന്‍സിപ്പാലിറ്റികളും, ആമ്പല്ലൂര്‍, മുളന്തുരുത്തി, മണീട്
എന്നീ പഞ്ചായത്തുകളുമാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ ഏറ്റെടുത്തിട്ടുള്ളത്. വടക്കന്‍ പറവൂര്‍ നഗരസഭ
ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ്, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ചീ കുര്യന്‍, മണീട് പഞ്ചായത്ത് പ്രസിഡന്‍റ് ശോഭ ഏലിയാസ്, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റർ സുജിത് കരുണ്‍, സ്ക്കൂൾ പ്രധാന അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ വിവിധയിടങ്ങളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.
ക്യാപ്ഷൻ: കുട്ടികൾക്ക് നൽകാനായി തയ്യാറാക്കി വച്ചിരിക്കുന്ന ചങ്ങാതിച്ചെപ്പുകൾ