പ്രകൃതിസംരക്ഷണത്തിന് മുഖ്യപരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്‍ പറഞ്ഞു. അതിജീവനത്തിനായി ചെറുവനങ്ങള്‍ എന്ന ലക്ഷ്യത്തോടെ ഹരിത കേരളം ജില്ലാ മിഷനും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും നടപ്പാക്കുന്ന ‘പച്ചത്തുരുത്ത്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് പ്ലാന്റ് സയന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നഷ്ടപ്പെടുത്തിയ പ്രകൃതിയെ വീണ്ടെടുക്കേണ്ടതുണ്ട്. അതിന് ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കണം. ഒന്നിച്ച് നിന്നാല്‍ നേടാന്‍ പറ്റാത്തതായി ഒന്നുമില്ലെന്ന് പ്രളയവും നിപ കാലവും തെളിയിച്ചതാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ദൃഢമായിരിക്കണം. ഇല്ലെങ്കില്‍ തിരിച്ചടി ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. മനുഷ്യന്റെ ക്രൂരത സമൂഹത്തിനെയും പ്രകൃതിയെയും പക്ഷി-മൃഗാദികളെയും സാരമായി ബാധിച്ചു. ഇത്തരം സാഹചര്യത്തില്‍ നമ്മുടെ നാടിന് മാതൃകയാണ് പച്ചത്തുരുത്ത് പോലുള്ള പദ്ധതികളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനം നേരിടുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പച്ചത്തുരുത്തുകള്‍ പോലുള്ള പദ്ധതികള്‍. ഹരിത കേരളം മിഷന്‍, തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പ്, തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍,  വിദ്യഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് ഇതര വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുക എന്നതാണ് പച്ചത്തുരുത്ത്.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവവൈവിധ്യ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായുള്ള മിയാവാക്കി വനത്തിന്റെ തൈനടീല്‍ ഉദ്ഘാടനം ചടങ്ങില്‍ പി. ടി. എ റഹിം എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, പി പ്രകാശ് പദ്ധതി വിശദീകരിച്ചു. കാലാവസ്ഥ വ്യതിയാനവും പച്ചത്തുരുത്തുകളുടെ പ്രസക്തിയും എന്ന വിഷയത്തില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. എസ് പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ അജയകുമാര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ജയപ്രകാശന്‍, പഞ്ചായത്തംഗങ്ങളായ കെ കൃഷ്ണദാസ്, എം എം പവിത്രന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ഷീല, ശുചിത്വ മിഷന്‍  കോ-ഓര്‍ഡിനേറ്റര്‍ സി കബനി തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗുരുവായൂരപ്പന്‍ കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ്കുമാര്‍ സ്വാഗതവും സെക്രട്ടറി കെ കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.