കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യത്താദ്യമായി തയ്യാറാക്കുന്ന കര്‍ഷക ക്ഷേമനിധിയിലേക്ക് ജില്ലയിലെ കര്‍ഷകര്‍ നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന കര്‍ഷകക്ഷേമനിധി ബില്ല് 2018 ന്റെ സെലക്റ്റ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗിലാണ് ജില്ലയിലെ കര്‍ഷകര്‍, കര്‍ഷകസംഘടനകള്‍, പാടശേഖരസമിതികള്‍ എന്നിവരില്‍ നിന്നും കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചത്.
കര്‍ഷകര്‍ക്ക് പ്രീമിയം രഹിത ഇന്‍ഷുറന്‍സ് നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സുകള്‍, സബ്‌സിഡി തുടങ്ങിയ ആനുകൂല്യങ്ങള്‍ ഒരുമിച്ച് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകരില്‍ നിന്നുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍

ബില്ലില്‍ നിശ്ചയിച്ചിരിക്കുന്ന ഭൂമിയുടേയും വരുമാനത്തിന്റേയും പരിധി എടുത്തുമാറ്റണമെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്ത കര്‍ഷകരുടെ പ്രധാന ആവശ്യം. പത്ത് സെന്റില്‍ കൂടുതലും രണ്ട് ഹെക്ടറില്‍ കുറവും ഭൂമിയുള്ളവരാണ് കര്‍ഷകക്ഷേമനിധി ബില്ലിന്റെ പരിധിയില്‍ വരുന്നത്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം കവിയരുതെന്നും അഞ്ച് വര്‍ഷമായി കൃഷി ചെയ്യുന്നവരാകണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ കൃഷിയില്‍ തുടക്കക്കാരായവര്‍ കൂടി ഉള്‍പ്പെടുന്ന രീതിയില്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
60 വയസ് കഴിഞ്ഞവര്‍ക്ക് പ്രതിമാസം 10000 രൂപ പെന്‍ഷന്‍ നല്‍കണമെന്നും അംശാദായം ഇതിനനുസരിച്ച് ക്രമീകരിക്കണമെന്നും കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. കൂടാതെ കാര്‍ഷിക വിളവെടുപ്പ് കണക്കാക്കി അംശാദായം വര്‍ഷത്തില്‍ നാലു തവണയായി അടക്കുന്നതിനുള്ള സൗകര്യമുണ്ടാക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
ദീര്‍ഘകാലമായി കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. പാട്ടകൃഷി ചെയ്യുന്നവരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. കൃഷിഭൂമിയുടെ ഉടമകള്‍ക്ക് മാത്രം ആനുകൂല്യം ലഭ്യമാകുമ്പോള്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്നാണ് പരാതി.
ക്ഷീര കര്‍ഷകര്‍ക്കായി നിലവില്‍ ക്ഷേമനിധി ഉണ്ടെങ്കിലും കര്‍ഷക ക്ഷേമനിധി ബില്ലില്‍ ഉള്‍പ്പെടുത്തുക, കര്‍ഷകരുടെ കുടുംബത്തെ മുഴുവന്‍ പദ്ധതിയിലുള്‍പ്പെടുത്തുക, വിലക്കയറ്റത്തിന്റെ തോതിനനുസരിച്ച് കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, വായ്പാ സൗകര്യമൊരുക്കുക, ചികിത്സാ സഹായം ലഭ്യമാക്കുക, പ്രീമിയം രഹിത ഇന്‍ഷുറന്‍സ് പദ്ധതി തയ്യാറാക്കുക, കര്‍ഷകരുടെ മക്കള്‍ക്ക് സംവരണം നല്‍കുക, ക്ഷേമനിധി ബോര്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡിലെ കര്‍ഷകരുടെ പ്രാതിനിധ്യം ഉയര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉന്നയിച്ചു.
കേരളകര്‍ഷക ക്ഷേമനിധി ബില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ 2018 ഡിസംബര്‍ 13ന് നിയമസഭയില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന സൂക്ഷ്മ പഠനത്തിനായി 15 അംഗങ്ങളടങ്ങുന്ന സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി കൈമാറിയിരിക്കുകയുമാണ്. ബില്‍ കൂടുതല്‍ സമഗ്രവും പ്രായോഗികവുമാക്കുന്നതിനായാണ് കര്‍ഷകരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ എം.എല്‍.എമാരായ ചിറ്റയം ഗോപകുമാര്‍, മുരളി പെരുനെല്ലി, ഡി.കെ.മുരളി, പി.ഉബൈദുള്ള, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, എ.ഡി.എം എന്‍.എം മെഹറലി, പ്രന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ടി.ഉഷ, കര്‍ഷകര്‍, കര്‍ഷകസംഘടനാ പ്രതിനിധികള്‍, പാടശേഖര സമിതികള്‍ എന്നിവര്‍ പങ്കെടുത്തു.