രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഇടംനേടാൻ തലപ്പുഴ പോലീസ് സ്റ്റേഷനും. പ്രവർത്തന മികവുകൾ തമ്മിൽ മാറ്റുരയ്ക്കാൻ സംസ്ഥാനത്ത് പരിഗണിക്കുന്ന 11 പോലീസ് സ്റ്റേഷനുകളിലൊന്നാണ് വയനാട് ജില്ലയിലെ തലപ്പുഴ പോലീസ് സ്റ്റേഷൻ. എ.ഡി.ജി.പി പത്മകുമാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷൻ സന്ദർശിച്ച് മാർഗനിർദേശങ്ങൾ നൽകി കഴിഞ്ഞു. മൂന്ന് മാസം കൊണ്ടാണ് പോലീസ് സ്റ്റേഷൻ മത്സരത്തിന് സജ്ജമാകേണ്ടത്.
ഓഫീസ് പ്രവർത്തനങ്ങളിലെ കൃത്യത, സുതാര്യത, ജനകീയത, കമ്പ്യൂട്ടർ വത്കരണം തുടങ്ങിയ നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് മികവുറ്റ സ്റ്റേഷനെ തിരഞ്ഞെടുക്കുക. ദേശീയ ക്രൈം റിക്കാർഡ്‌സ് ബ്യൂറോ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും. രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് പോലീസ് സ്റ്റേഷനുകളെയാണ് തിരഞ്ഞെടുക്കുക. സംസ്ഥാന തലത്തിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്ന പോലീസ് സ്റ്റേഷനെ ദേശീയ തലത്തിലെ മത്സരത്തിന് പരിഗണിക്കും.
തലപ്പുഴ പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ ത്വരിതഗതിയിൽ നടന്നുവരികയാണെന്ന് എസ്.ഐ ടി.ജെ ജിമ്മി പറഞ്ഞു. ലോക്കപ്പിലെ ചുമരിൽ മനോഹരമായ രീതിയിൽ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കി. ലോക്കപ്പിൽ പ്രവേശിപ്പിക്കുന്ന കുറ്റവാളികൾക്ക് ആശ്വാസം തോന്നുന്ന രീതിയിൽ ലോക്കപ്പിനകത്ത് മഹത്‌വ്യക്തികളുടെ വാക്കുകളും എഴുതിയിട്ടുണ്ട്. തലപ്പുഴ ടൗണിനടുത്ത് ചിറക്കര റോഡരികിൽ പതിനഞ്ച് സെന്റ് സ്ഥലത്താണ് തലപ്പുഴ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.