ആധുനിക കൃഷി സമ്പ്രദായമുപയോഗിച്ച് കൃഷിയെ വികസിപ്പിക്കാനാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മൊബൈല്‍ മണ്ണുപരിശോധനാ ലാബിന്റെയും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലക്ക് ശക്തി പകരുക എന്നുള്ളതാണ് ജില്ലാപഞ്ചായത്തിന്റെ ലക്ഷ്യം. അതിന് ഉപകരിക്കും വിധം കൂത്താളി തിക്കോടി, പുതുപ്പാടി, പേരാമ്പ്ര എന്നിവിടങ്ങളില്‍ ജില്ലാപഞ്ചായത്തിന്റെ കീഴില്‍ ഫാമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിത്തും തൈകളും ലഭ്യമാക്കാന്‍ പുതിയ ഔട്ട്‌ലെറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. മണ്ണറിഞ്ഞ് കൃഷി ചെയ്യണം. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് മൊബൈല്‍ മണ്ണ് പരിശോധന ലാബ് പരിശോധന നടത്തി റിപ്പോര്‍ട്ട് കര്‍ഷകര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കൂത്താളി ഫാം ട്രെയിനിങ് സെന്ററില്‍ നടന്ന പരിപാടിയില്‍  ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ക്കുള്ള പച്ചക്കറിതൈകള്‍,  വിത്തുകള്‍ തുടങ്ങിയവയുടെ ജില്ലാതല വിതരണ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി നിര്‍വഹിച്ചു. മഴക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ റിട്ട.പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.വിക്രമന്‍ ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൊബൈല്‍ മണ്ണ് പരിശോധനാ ലാബ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് നല്‍കുന്നത്. 45 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്.  ചടങ്ങില്‍ നാല്‍പതിലേറെ കര്‍ഷകര്‍ മണ്ണ് പരിശോധന നടത്തി.
പച്ചക്കറി ഉത്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ്  സര്‍ക്കാര്‍ ഓണത്തിന് ഒരു മുറം പച്ചക്കറി  പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കൃഷി വകുപ്പ് സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്കായി വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്യും.  പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 630650 ലക്ഷം വിത്ത് പാക്കറ്റുകളും നാല് ലക്ഷം പച്ചക്കറി തൈകളും കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ ,വീട്ടമ്മമാര്‍, കര്‍ഷക ഗ്രൂപ്പുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയ്ക്ക് നല്‍കും.
ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അംഗം സുജാത മനക്കല്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് കെ.സുനില്‍,  ജില്ലാ പഞ്ചായത്ത് അംഗം ജില്ലാപഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ്പ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷാജി അലക്‌സാണ്ടര്‍,  ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.