സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ജാതിയുടെയും മതത്തിന്റെയും പേരിലുള്ള മാട്രിമോണിയലുകള്‍ക്കു പുറമെ രൂപം കൊണ്ടിട്ടുള്ള ഡിവോഴ്സ്യല്‍ മാട്രിമോണിയലിനെതിരെ ജാഗ്രത വേണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതകമ്മീഷന്‍ മെഗാ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. വിവാഹമോചിതരായ രണ്ടു വ്യക്തികള്‍ ഡിവോഴ്സ് മാട്രിമോണിയല്‍ വഴി പുനര്‍വിവാഹിതരാവുകയും ഭര്‍ത്താവ് ഭാര്യയുടെ വ്യാജ ഒപ്പോടെ മുന്‍ഭര്‍ത്താവിനെതിരെ വനിത കമ്മീഷനില്‍ പരാതി അയക്കുകയും ചെയ്ത സാഹചര്യത്തിലാണ് കമ്മീഷന്റെ വെളിപ്പെടുത്തല്‍. കമ്മീഷനു മുന്നില്‍ ഹാജരായ ഭാര്യ താന്‍ പരാതി അയച്ചിട്ടില്ലെന്നും ഒപ്പ് തന്റേതല്ലെന്നും തിരിച്ചറിഞ്ഞു. ഭാര്യയുടെ വ്യാജ ഒപ്പോടെ ബാങ്ക് ലോണ്‍ മുഖേന ആഡംബര കാറുകള്‍ ഇയാള്‍ വാങ്ങിച്ചു. ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുള്ള ഈ സ്ത്രീയുടെ മാതാപിതാക്കളുടെ സ്വത്തും പെന്‍ഷനുമടക്കം നിലവിലുള്ള ഭര്‍ത്താവ് ലോണെടുത്ത ബാങ്കുകള്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്.
കുടുംബകോടതി ഭാര്യയ്ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും മാസം 15,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിട്ടും വീഴ്ച വരുത്തിയെന്ന ഭാര്യയുടെ പരാതിയില്‍ കുടിശ്ശികയായ രണ്ടര ലക്ഷത്തോളം രൂപ അടുത്ത അദാലത്ത് ദിവസം ഭാര്്യയെ ഏല്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഈ പരാതിയുമായി ബന്ധപ്പട്ട് വനിത കമ്മീഷന്‍ അദാലത്തില്‍ മദ്യപിച്ചെത്തിയ എതിര്‍കക്ഷിയെ കോട്ടയത്തുള്ള ഹോമിയോ പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് കമ്മീഷന്‍ അയച്ചു. കോടതി വിധിയുണ്ടായിട്ടും സഹോദരിമാര്‍ക്ക് സ്വത്തുവിട്ടുനല്‍കുന്നില്ലെന്ന പരാതിയില്‍ സഹോദരനെതിരെ കേസ് നടപ്പിലാക്കാന്‍ വനിത കമ്മീഷന്‍ അഭിഭാഷകനെ ഏര്‍പ്പാടാക്കി കൊടുത്തു.
പി. എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട എരവാലന്‍ വിഭാഗത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ക്ക് വെരിഫിക്കേഷന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന പരാതിയില്‍ പെണ്‍കുട്ടികള്‍ക്ക് മുഖ്യമന്ത്രിയെ നേരിട്ടുകാണാന്‍ കമ്മീഷന്‍ വെള്ളിയാഴ്ച അവസരമൊരുക്കും. ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2018ല്‍ 19 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആ ത്മഹത്യക്കുറിപ്പിലുള്ള മറ്റൊരാളുടേതെന്ന് കരുതുന്ന നിര്‍ണായകമായ ഒരു വാചകം എതയും വേഗം ഫോറന്‍സിക് പരിശോധന നടത്തി ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ വനിത കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
106 കേസുകളാണ് വനിത കമ്മീഷനു മുന്നിലെത്തിയത്. ഇതില്‍ 20 കേസുകള്‍ തീര്‍പ്പാക്കി. 52 കേസുകളില്‍ കക്ഷികള്‍ ഹാജരായില്ല. 27 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കാനായി മാറ്റി വെച്ചു. ഏഴ് കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വനിത കമ്മീഷന്‍ അദാലത്ത് ജൂലൈ 17ന് നടക്കും. വനിത കമ്മീഷന്‍ ഡയറക്ടര്‍ വി.യു.കുര്യാക്കോസ്, അംഗങ്ങളായ ഇ.എം.രാധ, ഷിജി ശിവജി, അഭിഭാഷകരായ കെ.പി.വിജയലക്ഷ്മി, എ.അഞ്ജന, സി.രമിക, ടി.ശോഭന, വനിത സെല്‍ എസ് ഐ ശോഭ, സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്ര പങ്കെടുത്തു.