അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെയും സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഉപന്യാസമത്സരം, കൂട്ടയോട്ടം, തെരുവ് നാടകം സംഘടിപ്പിച്ചു. മിഷന്‍ സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച കൂട്ടയോട്ടം ഡി.വൈ.എസ്.പി വിജയകുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എത്തിയ കൂട്ടയോട്ടം സംഘത്തെ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി സ്വീകരിച്ചു. കുട്ടികള്‍ക്ക് തങ്ങളെ ഇഷ്ടമുള്ള രീതിയില്‍ വളര്‍ത്തിയെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നും ബാലവേല വഴി ഈ അവകാശം നിഷേധിക്കപ്പെടുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഉപന്യാസ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഉപഹാരം സമര്‍പ്പിച്ചു. . തുടര്‍ന്ന് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി മേഴ്സി കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തെരുവുനാടകം അവതരിപ്പിച്ചു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസര്‍ കെ ആനന്ദന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ രാമകൃഷ്ണന്‍ , ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉപന്യാസ മത്സര വിജയികള്‍
ബാല വേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഗവ.മോഡല്‍ മോയന്‍സ് ഗേള്‍സ് സ്‌കൂളില്‍ നടന്ന ഉപന്യാസമത്സരത്തില്‍ മധുമിത ഹരിദാസ് ഒന്നാം സ്ഥാനവും (ഗവ.മോഡല്‍ മോയന്‍സ് ഗേള്‍സ് സ്‌കൂള്‍) പി.എ അര്‍ച്ചന രണ്ടാം സ്ഥാനവും (ജി.എച്ച്.എസ്.എസ്.ബെമ്മണ്ണൂര്‍) വി.പി ആയിഷ ഷെറിന്‍ മൂന്നാം സ്ഥാനവും (സി.ബി.കെ.എം ജി.എച്ച്.എസ്.എസ് പുതുപ്പരിയാരം) കരസ്ഥമാക്കി.
