കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന അംഗപരിമിതര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി സന്ദര്‍ശിക്കാന്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നു. ലിഫ്റ്റ്, റാമ്പ്, വീല്‍ചെയര്‍ സൗകര്യങ്ങളാണ് പുതുതായി ഏര്‍പ്പെടുത്തുന്നത്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസ് ഓഫീസിന്റെ നേതൃത്വത്തിലാണ് ഒരു വീല്‍ചെയര്‍ അംഗപരിമിതര്‍ക്ക് നല്‍കുന്നത്. സിവില്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് വിശ്വാസ് ഓഫീസില്‍നിന്ന് ആവശ്യാനുസരണം വീല്‍ചെയര്‍ എടുത്തു ഓഫീസുകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം അവിടെ തന്നെ തിരിച്ചു ഏല്‍പ്പിക്കാവുന്നതാണ്. കളക്ടറേറ്റും ജില്ലാ ആസ്ഥാനവും ഉള്‍പ്പെടെ നൂറിലധികം ജില്ലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ ദിവസവും നിരവധി അംഗപരിമിതര്‍ എത്തിച്ചേരാറുണ്ട് .സ്റ്റെപ്പുകള്‍ കയറി ഇറങ്ങാനുള്ള ഇവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പ്രത്യേക റാമ്പ് സൗകര്യം ഒരുക്കുന്നത്. നിര്‍മാണം പുരോഗമിക്കുന്ന ലിഫ്റ്റിന്റെ പണി പൂര്‍ത്തിയാകുന്നതോടെ മൂന്ന് നിലയിലേക്കും വീല്‍ചെയര്‍ ഉപയോഗിച്ച് അംഗപരിമിതര്‍ക്ക് സഞ്ചരിക്കാനാകും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫീസ്, എന്നിവയുടെ മുന്നില്‍ നിന്നാണ് റാമ്പുകള്‍ ആരംഭിക്കുന്നത്.

സിവില്‍ സ്റ്റേഷനിലേക്ക് വീല്‍ചെയറുകള്‍ സംഭാവന ചെയ്തു

സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന അംഗപരിമിതര്‍ക്ക് ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷ്ണല്‍ (ജെ.സി.ഐ) പാലക്കാട് സെന്‍ട്രല്‍ രണ്ട് വീല്‍ ചെയറുകള്‍ സംഭാവന നല്‍കി. വിശ്വാസിനു വേണ്ടി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഏറ്റുവാങ്ങി. സിവില്‍ സ്റ്റേഷനില്‍ എത്തുന്ന അംഗപരിമിതര്‍ക്ക് ഓഫീസുകള്‍ സന്ദര്‍ശിക്കാന്‍ ആവശ്യാനുസരണം വിശ്വാസ് ഓഫീസില്‍ നിന്ന് വീല്‍ചെയറുകള്‍ എടുത്തതിനു ശേഷം തിരിച്ചേല്‍പ്പിക്കാം. എന്‍.എം.യൂനസ്, ജിസ്സ ജോമോന്‍ ഷഹാന, അരുണ്‍ വേണുഗോപാല്‍, പ്രദീപ്, ഷിബു, വിശ്വാസ് സെക്രട്ടറി പി.പ്രേംനാഥ്, വൈസ് പ്രസിഡന്റുമാരായ വി.പി. കുര്യാക്കോസ്, അഡ്വ.എസ്സ്.ശാന്താദേവി, ട്രഷറര്‍ ബി.ജയരാജന്‍ സന്നിഹിതരായി.