കാക്കനാട് : സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പ്രവർത്തന അവലോകന യോഗം നടത്തി. കേഡറ്റുകളുടെ പ്രവർത്തനം വിദ്യഭ്യാസത്തിന്റെ ഭാഗവും പൊതു ആവശ്യമാണെന്നും കണക്കാക്കി പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്ന് കളക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരൻ നായർ പറഞ്ഞു.

ഹൈസ്ക്കൂളുകളിൽ പുതിയ ബാച്ചിലേയ്ക്കുള്ള കേഡറ്റുകളുടെ സെലക്ഷൻ നടപടികൾ നടന്ന് വരികയാണ്. ഫിസിക്കൽ ടെസ്റ്റ് കഴിയുന്നതിനനുസരിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് സെലക്ഷൻ നടപടി പൂർത്തിയാക്കും .

പദ്ധതിയുടെ പ്രവർത്തനങ്ങൾ 10 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ‘ടെൻ ടാർജറ്റ് ഫോർ ടെൻത്ത് ഇയർ’ പദ്ധതി എസ് പി സി സ്കൂളുകളിൽ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓരോ കേഡറ്റും 100 പേർക്ക് റോഡ് സുരക്ഷാ ബോധവത്ക്കരണം നടത്തും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേഡറ്റുകൾ നട്ട തൈകളുടെ വളർച്ച സ്കൂൾ തലത്തിൽ നിരീക്ഷിക്കും. മദ്യം , മയക്ക് മരുന്ന് എന്നിവയുടെ ഉപയോഗം തടയാനായി എക്സൈസ് വകുപ്പിന്റെ സഹായത്തോടെ ബോധവത്ക്കരണ പരിപാടികൾ നടത്തും. സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ട സഹായം കേഡറ്റുകൾ നൽകും . കേഡറ്റുകളുടെ ശാരീരിക ക്ഷമതയും അക്കാദമിക് നിലവാരവും ഉയർത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിന് കെൽസയുമായി ചേർന്ന് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും. മാലിന്യ നിർമ്മാർജനത്തിനും , ജലസംരക്ഷണത്തിനും സ്കൂൾ തലത്തിൽ നടപടികൾ സ്വീകരിക്കും. തൃപ്പൂണിത്തുറ ഗവ.ജി.എച്ച്.എസ്.എസ്, കൈതാരം ഗവ.വി എച്ച്.എസ് എസ് സ്കൂളുകളിൽ ട്രാഫിക് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ആരംഭിക്കും.

ആഗസ്റ്റ് 2 എസ്.പി. സി ദിനം സെരിമോണിയൽ പരേഡ് ഉൾപ്പടെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

എ സി പി ആർ. സുധാകരൻ പിള്ള, നോഡൽ ഓഫീസർ ഡിവൈഎസ്പി റെജി ഏബ്രഹാം, പൊലീസ് ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പ് , വനം വകുപ്പ് , എക്സൈസ്, ഫയർ ആന്റ് റെസ്ക്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു .