ജില്ലയില്‍ വായനാ പക്ഷാചരണത്തിന് ജൂണ്‍ 19 ന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം മാനാഞ്ചിറ ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 10 മണിക്ക് കവി പി കെ ഗോപി നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ സാംബശിവറാവു അധ്യക്ഷനാകും. ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ സംസ്ഥാന സര്‍ക്കാരും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനത്തിനു പുറമെ താലൂക്കുതലത്തിലും ലൈബ്രറി തലത്തിലും ഉദ്ഘാടനയോഗങ്ങള്‍ നടക്കും. പി എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിക്കും. എഴുത്തുപെട്ടി സ്ഥാപിച്ച സ്‌കൂളുകളില്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എഴുത്തുപെട്ടി പരിചയപ്പെടുത്തല്‍ ജൂണ്‍ 20ന് നടത്തും. ജൂണ്‍ 21ന് വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ലൈബ്രറികളില്‍ വായനക്കൂട്ടങ്ങള്‍ രൂപീകരിക്കും.
ജൂണ്‍ 22, 23 ദിവസങ്ങളിലായി ലൈബ്രറികളില്‍ കുട്ടികള്‍ക്കായി പുസ്തകപ്രകാശനം (പുസ്തകോത്സവത്തില്‍ നിന്ന് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദര്‍ശനം) നടത്തും. ജൂണ്‍ 24, 25 തീയതികളിലായി സ്‌കൂള്‍ ലൈബ്രറി സജീവമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ജൂണ്‍ 26ന് എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ലൈബ്രറികളില്‍ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിക്കും. ജൂണ്‍ 27, 28 തിയ്യതികളിലായി ലൈബ്രറിയില്‍ ഈ വര്‍ഷത്തെ ഗ്രാന്റ് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി പുസ്തകപ്രദര്‍ശനം നടത്തും.
ജൂണ്‍ 29ന് ലൈബ്രറികള്‍ക്ക് പുസ്തക സമാഹരണം നടത്തും. ജൂണ്‍ 30ന് എല്‍പി- യുപി വായനാമത്സരങ്ങളുടെ പ്രാഥമികതല മത്സരം ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തും. ജൂലൈ ഒന്നിന് കേശവദേവ് അനുസ്മരണം സംഘടിപ്പിക്കും. ജൂലൈ ഒന്നുമുതല്‍ നാലുവരെ അഖില കേരള വായന മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളെ വിളിച്ചുചേര്‍ത്തു നിര്‍ദ്ദേശിക്കപ്പെട്ട പുസ്തകങ്ങളുടെ പരിചയപ്പെടുത്തലിനും മത്സരത്തിന് സഹായകരമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ലൈബ്രറി കൗണ്‍സില്‍ നേതൃത്വം നല്‍കും. ജൂലൈ നാലിന് എഴുത്തപെട്ടിയുടെ ആദ്യ സമ്മാനദാനം നിര്‍വഹിക്കും. ജൂലൈ അഞ്ചിന് വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിക്കും. അന്നേദിവസം സ്‌കൂളിലെ എല്ലാ ക്ലാസ് റൂമുകളിലും ബഷീറിന്റെ കഥകള്‍ /നോവലിലെ ഒരു ഭാഗം കുട്ടികളെ കൊണ്ട് വായിപ്പിക്കുന്ന പരിപാടി സ്‌കൂള്‍ അധികൃതരുമായി സഹകരിച്ച് നടത്തും. സ്‌കൂളുകളിലെ എല്ലാ കുട്ടികളും ബഷീറിന്റെ കഥ കേട്ട ശേഷം കഥാചര്‍ച്ച സംഘടിപ്പിക്കും. ജൂലായ് ആറിന് വനിതാ വായന മത്സരവും ജൂലൈ ഏഴിന് എല്ലാ ലൈബ്രറികളുടെയും ആഭിമുഖ്യത്തില്‍ ഐ വി ദാസ് അനുസ്മരണവും നടത്തും.
വായനാപക്ഷാചരണം സംബന്ധിച്ച് ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രക്ഷാധികാരിയുമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. സംഘാടകസമിതിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ കണ്‍വീനറും വിവിധ വകുപ്പു പ്രതിനിധികളും സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകരും അംഗങ്ങളുമാണ്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കോഓര്‍ഡിനേറ്ററാണ്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നടന്ന സംഘാടക സമിതിയോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ചന്ദ്രന്‍, പ്രസിഡണ്ട് എന്‍ ശങ്കരന്‍, റെഡ്ക്രോസ് പ്രതിനിധി കെ വി ഗംഗാധരന്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ എം രാജന്‍, ഇ വി ഉസ്മാന്‍ കോയ, ഡിഡിഇ ഇ കെ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിപുലമായ പരിപാടികളാണ് വായനാപക്ഷാചരണത്തോടനുബന്ധിച്ച് ഇത്തവണ ജില്ലയില്‍ സംഘടിപ്പിക്കുന്നത്.