കൊച്ചി: തുടർച്ചയായ രണ്ടാം വർഷവും പറവൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിച്ചെലവിൽ 100% ചെലവഴിച്ച് മാതൃകയായി. എറണാകുളം ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉപഹാരം ഏറ്റുവാങ്ങി.

2018-19 വാർഷിക പദ്ധതിയിൽ സർക്കാർ അനുവദിച്ച 4.27 കോടി രൂപ വിവിധ മേഖലകളിൽ സമയബന്ധിതമായി വിനിയോഗിക്കാൻ ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞു. മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ അനുവദിച്ച 35.31 ലക്ഷം രൂപയും പൂർണ്ണമായും ചെലവഴിക്കാൻ സാധിച്ചു.

പാലിയം തോട് പുനരുദ്ധാരണം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ചേന്ദമംഗലത്ത് ആരംഭിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ആധുനിക സൗകര്യങ്ങളോടു കൂടിയ വനിതാ സംരംഭകത്വ പരിശീലന കേന്ദ്രം, പൊക്കാളി കൃഷി സംരക്ഷണം, ഭവന പദ്ധതി, വനിതാ സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി ചപ്പാത്തി നിർമാണ യൂണിറ്റുകൾ തുടങ്ങി സർക്കാർ മുൻഗണന നിർദ്ദേശിച്ചിട്ടുള്ള എല്ലാ മേഖലകളിലും ഏറ്റെടുത്ത പദ്ധതികൾ കാര്യക്ഷമമായി പൂർത്തിയാക്കുവാൻ കഴിഞ്ഞത് ബ്ലോക്ക് പഞ്ചായത്തിന്റെയും ജീവനക്കാരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മുൻവർഷങ്ങളിലും സംസ്ഥാനതലത്തിൽ തന്നെ എല്ലാവിധ കേന്ദ്രാവിഷ്കൃത സംസ്ഥാനതല പദ്ധതികളുടെ നിർവഹണത്തിൽ ഏറ്റവും മുൻപന്തിയിൽ എത്താൻ കഴിഞ്ഞതും പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അഭിമാനകരമായ നേട്ടമാണ്.

ക്യാപ്ഷൻ: എറണാകുളം ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉപഹാരം ഏറ്റുവാങ്ങുന്നു