കൊച്ചി : നവമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും കടന്നുകയറ്റത്താൽ വായന അന്യം നിന്നു വരുന്ന ഈ കാലഘട്ടത്തിൽ എളങ്കുന്നപ്പുഴ ഗവ ഹൈസ്ക്കൂൾ വിദ്യാർത്ഥികളുടെ
കൈകളിൽ വായന ഇന്നും സുരക്ഷിതമാണ്. ഇവിടുത്തെ 162 വിദ്യാർത്ഥികൾ കഴിഞ്ഞ ഒരു വർഷം വായിച്ചത് രണ്ടായിരം പുസ്തകങ്ങളാണ്. 8500 ലധികം പുസ്തകങ്ങളുടെ ശേഖരം സ്കൂൾ ലൈബ്രറിയിലുണ്ട്. വെറുതെ വായിച്ച് പോകുക മാത്രമല്ല വായിക്കുന്ന ഓരോ പുസ്തകത്തിന്റെയും വായനാക്കുറിപ്പും വിദ്യാർത്ഥികൾ എഴുതി സൂക്ഷിക്കുന്നുണ്ട്. ചില്ലിട്ട അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളും, പോളിഷ് ചെയ്ത് സൂക്ഷിക്കുന്ന മേശയും , ബെഞ്ചും, വിദ്യാർഥികളുടെ ചിത്രങ്ങളും ലൈബ്രറിയെ കൂടുതൽ ആകർഷകമാക്കുന്നതാണ്. കൂടാതെ വായിക്കാൻ എത്തുന്നവർക്ക് പുത്തൻ ഉന്മേഷവും.

വളരെ ചിട്ടയോട് കൂടെ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്ന നവീകരിച്ച സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളും ഭൗതീക സാഹചര്യങ്ങളും വായിക്കാൻ ഏറെ പ്രചോദനം നൽകുന്നു. ചെടികളും , വിദ്യാർത്ഥികൾ വരച്ച മനോഹര ചിത്രങ്ങളും കാരിക്കേച്ചറുകളും ലൈബ്രറിയുടെ മാറ്റ് കൂട്ടുന്നു. ക്യാറ്റലോഗ് രജിസ്റ്റർ സൂക്ഷിച്ചിരിക്കുന്നതിനാൽ പുസ്തകങ്ങൾ വേഗത്തിൽ തിരഞ്ഞെടുക്കാൻ സാധിക്കും. കൂടാതെ ലൈബ്രറി ഡിജിറ്റൽ ക്യാറ്റലോഗ് സംവിധാനം ആക്കാനുള്ള പരിശ്രമത്തിലാണ് . രാവിലെ 8.45ന് പ്രവർത്തനം ആരംഭിക്കുന്ന ലൈബ്രറി വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കും. വിദ്യാർത്ഥികൾ മാത്രമല്ല അദ്ധ്യാപകരും മാതാപിതാക്കളും വായനക്കാരാണ്. വേനലവധിക്കാലത്തും സ്കൂൾ ലൈബ്രറി ഉഷാറാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട് .

വായാനാക്കുറിപ്പ് കിട്ടിയാൽ മാത്രമേ അടുത്ത പുസ്തകം എടുക്കാൻ സാധിക്കൂ. തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിൽ സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സിലെയും മികച്ച വായനാക്കുറിപ്പ് വായിപ്പിക്കും. അത് പുസ്തകം വായിക്കാൻ മറ്റ് കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രചോദനം നൽകുന്നുണ്ടെന്നാണ് ലൈബ്രറിയുടെ ചുമതലയുള്ള മലയാളം അദ്ധ്യാപിക ലിനി ടീച്ചർ പറയുന്നത്.

വായന പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് എല്ലാ വിദ്യാർഥികളും അവർക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ വായനക്കുറിപ്പ് മാസികയാക്കി സൂക്ഷിക്കുന്നുണ്ട്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലുള്ള പുസ്തകങ്ങളുണ്ട്. നോവലുകൾ, നോവൽ വിവർത്തനം, ഡിറ്റക്ടീവ് നോവലുകളും വിവർത്തനങ്ങളും, ഓർമ്മക്കുറിപ്പ്, അനുഭവക്കുറിപ്പ്, സ്മരണ, കത്ത് , ഡയറി, തൂലികാ ചിത്രം, അഭിമുഖം, ഗ്രാഫിക് നോവൽ, ചെറുകഥ, നാടകം, കാവ്യങ്ങളും വിവർത്തനവും, സമ്പൂർണ്ണ കൃതികൾ, നിരൂപണം, ഉപന്യാസം, പഠനം, നിഘണ്ടു, ശബ്ദതാരാവലി, വിജ്ഞാനകോശം, ഹാസ്യസാഹിത്യം കാർട്ടൂൺ , ജീവചരിത്രം , ആത്മകഥ, യാത്രാവിവരണം, രാഷ്ട്രീയം, നിയമം, പ്രസംഗം, ക്വിസ്, ഗാന്ധിസാഹിത്യം, ചരിത്രം , ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം, തത്വശാസ്ത്രം, ധനശാസ്ത്രം , ജന്തുശാസ്ത്രം, കൃഷി ആരോഗ്യം , പരിസ്ഥിതി, വ്യാകരണം, ബാലസാഹിത്യം തുടങ്ങിയ വിവിധ തരത്തിലുള്ള പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. പുസ്തകങ്ങളുടെ വർഗീകരണ ബോർഡിൽ വിവിധ പുസ്തകങ്ങൾ, ഷെൽഫ് നമ്പർ, ഇവയുടെ കോഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് ലൈബ്രറിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .
കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതോടൊപ്പം അവർക്ക് മുന്നിൽ ലോകജാലകം തുറക്കാനും, സഭാ കമ്പം മാറ്റി നേതൃപാഠവം വളർത്തുക എന്ന ലക്ഷ്യത്തോടെ ഹൈസ്ക്കൂൾ കുട്ടികളുടെ മലയാളം ക്ലാസ്സ് ആരംഭിക്കുന്നത് ടീച്ചർ പറയുന്ന ഏതെങ്കിലും വിഷയത്തിൽ അഞ്ച് മിനിട്ട് പ്രസംഗത്തിന് ശേഷമാണ്.

സ്കൂളില്‍ ലൈബ്രറികള്‍ സാധാരണമാണ്. ഒരു സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളുടെയും വീട്ടില്‍ ലൈബ്രറി സ്ഥാപിക്കുക അത്ര എളുപ്പമല്ല. എന്നാൽ ഇവിടുത്തെ ഓരോ വിദ്യാർഥികളുടെയും വീടുകളിൽ ഹോം ലൈബ്രറികൾ സജീവമാണ്. പുസ്തകങ്ങൾ സൂക്ഷിക്കാൻ കാർബോർഡ് ഉപയോഗിച്ച് ഷെൽഫ് നിർമ്മിക്കാൻ പ്രത്യേക ക്ലാസുകളും നൽകി . കഴിഞ്ഞ വർഷത്തെ മികച്ച ഹോം ലൈബ്രറിക്കുള്ള സമ്മാനത്തിന് ഏഴാംക്ലാസ് വിദ്യാർഥിനിയായ രേഷ്മ ശ്രീകുമാർ, എട്ടാം ക്ലാസ് വിദ്യാർഥിനികളായ സങ്കീർത്തന ടി എസ്, ഗൗരി കൃഷ്ണ ഇ. കെ, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അനഘ ബാബു എന്നിവർ അർഹരായി. 140 പുസ്തകങ്ങളാണ് ഗൗരികൃഷ്ണ കഴിഞ്ഞവർഷം വായിച്ചു തീർത്തത്. അധ്യാപകരുടെ സംഘം കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി ഹോം ലൈബ്രറികൾ വിലയിരുത്തിയാണ് സമ്മാനാർഹരെ കണ്ടെത്തിയത്.

1915ൽ കൊച്ചി രാജാവിന്റ കാലത്ത് പണികഴിപ്പിച്ച സ്കൂളിന്റെ ലൈബ്രറിയിൽ ആ കാലത്തെ പുസ്തകങ്ങൾ ഇന്നും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. 1956 ൽ ഇവിടുത്ത വിദ്യാർഥിയായിരുന്ന ഹെർ നാഡോ ഹാർട്ട് ക്ലിനിക്ക് റിട്ട. ഡയറക്ടറും, കാർഡിയോളജിസ്റ്റുമായ ഡോ. എം.പി. രവീന്ദ്രനാഥൻനാണ് ലൈബ്രറിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നടത്തിയത്. മികച്ച ഹോം ലൈബ്രറിക്കുള്ള ക്യാഷ് അവാർഡ് നൽകുന്നതും ഇദ്ദേഹമാണ്. മനോഹരമായ മേശയും ഇരിപ്പിട സൗകര്യങ്ങളും ജില്ലാ പഞ്ചായത്തിന്റെ സംഭാവനയാണ് . ഭാവിയുടെ സുന്ദരസ്വപ്നങ്ങൾ കാണാനും ലക്ഷ്യത്തിലേയ്ക്ക് പറന്നുയരാനും സഹായിക്കുന്നതിനായി ലൈബ്രറി കേന്ദ്രീകരിച്ച് സെമിനാറുകളും സംവാദങ്ങളും പഠന ക്ലാസ്സുകളും അദ്ധ്യാപകർ സംഘടിപ്പിക്കുന്നുണ്ട്.

ഫോട്ടോ ക്യാപ്ഷൻ: എളംകുന്നപ്പുഴ ഗവൺമെന്റ് ഹൈസ്കൂൾ ലൈബ്രറി