കൊച്ചി: യുവതലമുറയ്ക്ക് അക്ഷരവെളിച്ചം പകർന്ന്, വായിച്ചു വളരേണ്ടതിന്റെ ആവശ്യം അറിയിച്ച് പുസ്തക താലപ്പൊലിയുടെ അകമ്പടിയോടെ വായനാ പക്ഷാചരണം “കൗമാരം – 2019 ” ന് കുറുമശ്ശേരിയിൽ പ്രൗഢഗംഭീര തുടക്കം. വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും അണിനിരന്ന സാംസ്കാരിക യാത്രയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങുകൾ വായനയുടെ വസന്തം നഷ്ടപ്പെടില്ലെന്ന സന്ദേശം നൽകി. വിവര പൊതുജന സമ്പർക്ക വകുപ്പ് , എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ, കേരള സർക്കാർ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം, അങ്കമാലി ക്ലസ്റ്റർ, പാറക്കടവ് ഗ്രാമപഞ്ചായത്ത്, പാറക്കടവ് ഇ.എം.എസ് സ്മാരക ഗ്രന്ഥശാല, പാറക്കടവ് ഗ്രന്ഥശാല നേതൃസമിതി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജൂലൈ 7 ന് സമാപിക്കും.
മനുഷ്യരായി വളരാനുള്ള ഉത്തമമായ മാർഗം വായനയാണെന്ന് സാംസ്കാരിക യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിച്ച സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അഭിപ്രായപ്പെട്ടു.
ഇന്നത്തെ സമൂഹ സാഹചര്യം അപകടകരമാണ്. മനുഷ്യനെ ജാതീയമായി വർഗീയമായി ചേരി തിരിക്കാതെ ഒരു കുടുംബത്തിലെ അംഗങ്ങളാണെ സന്ദേശം പ്രോജ്വലമാക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. മനസുകളുടെ വളർച്ചക്ക് വായന അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറുമശ്ശേരി കമ്യൂണിറ്റി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കവി എസ് രമേശൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ.രഘു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ എന്നിവർ ചേർന്ന് അക്ഷരദീപം തെളിയിച്ചു. തുടർന്ന് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ഗ്രാമീണ വായനശാല സംഘടിപ്പിച്ച നൃത്ത ശില്പം അരങ്ങേറി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ സുരേന്ദ്രൻ,
പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, വൈസ് പ്രസിഡന്റ് സി എൻ മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വൈ. ടോമി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി , ബ്ലോക്ക് പഞ്ചായത്തംഗം സംഗീത സുരേന്ദ്രൻ, പഞ്ചായത്തംഗം ജിഷ ശ്യാം, പാറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സിഎം സാബു എന്നിവർ പങ്കെടുത്തു.