മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രഥമോദ്ദേശമായ മണ്ണ് ജലസംരക്ഷണം നടത്തിപ്പിന്റെ ഭാഗമായി, കയര്‍ ഭൂവസ്ത്രവിതാനം കാസര്‍കോട് ജില്ലാതല ഉദ്ഘാടനം വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ എം രാജഗോപാലന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
വലിയപറമ്പ ഗ്രാമപഞ്ചായത്ത്, ഇടയിലക്കാട് സെന്‍ട്രല്‍ ബോട്ട് ജെട്ടി മുതല്‍ പാലം സൈറ്റ് വരെ ബണ്ട് നിര്‍മ്മാണം, കയര്‍ ഭൂവസ്ത്രം പുതച്ച് നൂറ് ശതമാനം പ്രകൃതി സൗഹൃദപരമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കി പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലും ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്ത് ചെയ്യും. ജില്ലയിലെ മറ്റു പഞ്ചായത്തുകളിലേക്കും കയര്‍ ഭൂവസ്ത്രപ്രവൃത്തി വ്യാപിപ്പിക്കും.
വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ടി അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി മുഖ്യാതിഥി ആയിരുന്നു. മെമ്പര്‍മാരായ സുമ കണ്ണന്‍, എ ജി ഹക്കീം, കയര്‍ വികസന വകുപ്പ് അസി. രജിസ്ട്രാര്‍ ബി ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രൊജക്ട് ഡയറക്ടര്‍ വി കെ ദിലീപ് സ്വാഗതവും വാര്‍ഡ് മെമ്പര്‍ കെ പുഷ്പ നന്ദിയും പറഞ്ഞു. പദ്ധതിയെക്കുറിച്ചുളള റിപ്പോര്‍ട്ട് എംജിഎന്‍ആര്‍ഇജിഎ അസി. എഞ്ചിനീയര്‍ പി എം ശ്രുതി അവതരിപ്പിച്ചു.