സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പടെ മൂന്നുപേരെക്കൂടി നിയമിച്ച് പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ കൂടുതല്‍ മികച്ച നിലയിലേക്ക് ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ആരംഭിച്ച ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡയാലിസിസ് യൂണിറ്റിലേക്കുള്ള ടെക്‌നീഷ്യന്‍മാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ബ്ലോക്ക് പഞ്ചായത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൂടി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. 170 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആദ്യ ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിമാറ്റുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കി വരുന്നത്. ഇത് എല്ലാ പ്രാഥമിക കേന്ദ്രങ്ങള്‍ക്കും ബാധകമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2015-16 വര്‍ഷത്തിലാണ് ഡയാലിസിസ് സെന്ററിനുള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പനമരത്തെ ഡയാലിസിസ് സെന്ററില്‍ ഇപ്പോള്‍ ഒരേ സമയം രണ്ട് രോഗികള്‍ക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യമാണ് ഉള്ളത്. എന്നാല്‍ ആറ് രോഗികള്‍ക്ക് ഒരേ സമയം ഡയാലിസിസ് നടത്താന്‍ കഴിയുന്ന വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് കെ.കുഞ്ഞായിഷ, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന സാജന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇസ്മയില്‍, വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍, ഒ.ആര്‍. രഘു, മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ആര്‍.ഷീജ, മേഴ്‌സി ബന്നി, ജയന്തി രാജന്‍, പി.സി.മജീദ്, സതീദേവി, ജുല്‍ന ഉസ്മാന്‍, ബി.ഡി.ഓ. എന്‍.രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.