മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ മാവേലി സ്റ്റോറുകളില്‍ സബ്‌സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങളുടെ കുറവ് പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന് കത്ത് നല്‍കി.

മാവേലി സ്റ്റോറുകളില്‍ അരി, പഞ്ചസാര, വെളിച്ചെണ്ണ, മല്ലി, മുളക്, കടല അടക്കമുള്ള 13-ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. താലൂക്കില്‍ മാവേലി സ്റ്റോറുകളിലേയ്ക്ക് സബ്‌സിഡി ഇനത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ ധാന്യങ്ങളുടെ കുറവാണ് സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത കുറവിന് കാരണമായിരിക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ നിയോജക മണ്ഡലത്തിലെ പല മാവേലി സ്റ്റോറുകളിലും സബ്‌സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവ് സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ ദുരിതമായി മാറിയിരിക്കുകയാണ്. നിയോജ മണ്ഡലത്തിലെ വിവിധ കോണുകളില്‍ നിന്നും, ജനപ്രതിനിധികളും, പൊതുജനങ്ങളും വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് എം.എല്‍.എ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എം.എല്‍.എ മന്ത്രിയെ നേരില്‍ കണ്ട് വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. കാലവര്‍ഷവും, സ്‌കൂള്‍ തുറന്നതും സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്ന ഈകാലയളവില്‍ മാവേലി സ്റ്റോറുകളിലെ സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളുടെ കുറവ് സാധാരണക്കാര്‍ക്ക് ഏറെ ദുരിതമാകുമെന്ന് എം.എല്‍.എ മന്ത്രിയെ ധരിപ്പിച്ചു. വിഷയത്തില്‍ അടിയന്തിര പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു.