കേരള സര്‍ക്കാരിന്റെ നൈപുണ്യ പരിശീലന സംരംഭമായ അസാപ് വ്യവസായസംഗമം സംഘടിപ്പിച്ചു. തൊടുപുഴ ഹൈറേഞ്ച് മാളില്‍ സംഘടിപ്പിച്ച സംഗമം തൊടുപുഴ നഗരസഭ ചെയര്‍മാന്‍ ജെ സി ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. എഞ്ചിനീയറിംഗ് കോളേജുകളിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം കൊടുത്തുകൊണ്ട് അവര്‍ക്കാവശ്യമായ തൊഴില്‍ നൈപുണ്യ പരിശീലനം നേടുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന ഇന്റേണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ച്  അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ബിനോജ് എബ്രാഹവും ഇന്റേണ്‍ഷിപ്പില്‍ പഞ്ചായത്തുകളുടെ പ്രസക്തിയെ കുറിച്ച്  പഞ്ചായത്ത് സെക്രട്ടറി കെ.വി കുര്യാക്കോസ് സെമിനാറുകള്‍ നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സിജു കുര്യന്‍, ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം.എന്‍ ബാബു, എന്നിവര്‍ പങ്കെടുത്തു.