മൂവാറ്റുപുഴ: വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം പ്രാണന്‍ നല്‍കിയ മൂവാറ്റുപുഴ കടാതി വിവേകാനന്ദ സ്‌കൂളിലെ അധ്യാപികയും, അരിക്കുഴ പുതുപെരിയാരം പാലക്കാട്ട് പുത്തന്‍പുരയില്‍ ദീപുവിന്റെ ഭാര്യയുമായ രേവതി ടീച്ചര്‍ (27)ന് അടിയന്തിര സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കഴിഞ്ഞ 21ന് വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മക്കളെ പോലെ സ്‌നേഹിച്ച വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം പ്രാണന്‍ നല്‍കുകയായിരുന്നു രേവതി ടീച്ചര്‍. വിദ്യാലയത്തിലെ യോഗാ ദിന ചടങ്ങുകളുടെ ഇടടയിലേയ്ക്ക് പാഞ്ഞുകയറിയ കാറിന് മുന്നില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കവെ തലയ്ക്കും, നട്ടല്ലിനും, കഴുത്തിനും ഗുരുതരമായി പരിക്കേറ്റ രേവതി ടീച്ചര്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 7.30നാണ് മരിച്ചത്. ലോകത്തിലെ ഏറ്റവും മൂല്ല്യമുള്ള സല്‍പ്രവര്‍ത്തികളിലൊന്നായ അധ്യാപനത്തിന്റെ മഹനീയതയ്ക്ക് അപാരമായ ആഴവും, അര്‍ത്ഥവും പകരുകയാണ് രേവതി ടീച്ചറുടെ ത്യാഗം. ഒട്ടേറെ വിദ്യാര്‍ത്ഥികളെ അപകടത്തിലാക്കുമായിരുന്ന ദുരന്തം അധ്യാപികയുടെ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഒഴിവായത്. അക്ഷര വെളിച്ചത്തിനൊപ്പം കുട്ടികള്‍ക്ക് ജീവിത മൂല്ല്യങ്ങളുടെ ഏറ്റവും വിശിഷ്ഠമായ പാഠവും കൂടി പകരാനായത് രേവതി ടീച്ചറെ എന്നും ഓര്‍മ്മിക്കുന്നതാണ്. നിര്‍ദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായ രേവതി ടീച്ചര്‍ വലിയ പ്രതീക്ഷകളോടെയാണ് അധ്യാപികയായി എത്തിയത്. മൂന്ന് വയസുകാരിയായ സ്വന്തം മകളെ ഒറ്റയ്ക്കാക്കിയാണ് രേവതി ടീച്ചര്‍ യാത്രയായത്. ഈ കുഞ്ഞിന് ആശ്രയമാവേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ബാധ്യതയാണന്നും, ടീച്ചറുടെ കുടുംബത്തിന് അടിയന്തിര സര്‍ക്കാര്‍ ധനസഹായം ലഭ്യക്കമാക്കണമെന്നും ആവശ്യപ്പെട്ടാണ് എം.എല്‍.എ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയത്. ജില്ലാ കളക്ടറോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടന്നും, റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ധനസഹായം ലഭ്യമാകുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്: രേവതി ടീച്ചര്‍