2017ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം, 2017ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ, 2018ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരം എന്നിവ ജൂലൈ ഒന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. വൈകിട്ട് അഞ്ചിന് ടാഗോർ തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും. സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
മേയർ വി.കെ. പ്രശാന്ത്, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, വീണാ ജോർജ്, ഡോ. ശശി തരൂർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസർ പ്രഭാവർമ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ജഡ്ജിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സെബാസ്റ്റ്യൻ പോൾ, കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സി. നാരായണൻ, ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് സെക്രട്ടറി പി. വേണുഗോപാൽ, ഡയറക്ടർ ഇൻ ചാർജ് കെ. സന്തോഷ് കുമാർ എന്നിവർ സംബന്ധിക്കും. സ്വദേശാഭിമാനി-കേസരി പുരസ്‌കാര ജേതാവ് ടി.ജെ.എസ് ജോർജ്, ഫോട്ടോഗ്രഫി സമഗ്ര സംഭാവന പുരസ്‌കാരജേതാവ് പി. ഡേവിഡ് എന്നിവർ മറുപടി പ്രസംഗം നടത്തും.
പത്രപ്രവർത്തന ചരിത്രത്തിലെ തിളക്കമാർന്ന വ്യക്തിത്വങ്ങളായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ സ്മരണാർഥമാണ് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഒരുലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
ജനറൽ റിപ്പോർട്ടിങ്, വികസനോൻമുഖ റിപ്പോർട്ടിങ്, കാർട്ടൂൺ, ന്യൂസ് ഫോട്ടോഗ്രഫി, ടി.വി റിപ്പോർട്ടിങ്, ടി.വി ന്യൂസ് എഡിറ്റിങ്, ടി.വി ന്യൂസ് ക്യാമറ, ടി.വി ന്യൂസ് റീഡർ, ടി.വി അഭിമുഖം എന്നീ വിഭാഗങ്ങളിലാണ് മാധ്യമ പുരസ്‌കാരങ്ങൾ നൽകുന്നത്.
2018ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് ജേതാക്കളായ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതവും സർട്ടിഫിക്കറ്റും ഫലകവുമാണ് സമ്മാനം. പത്ത് പേർക്ക് പ്രോത്‌സാഹന സമ്മാനവുമുണ്ട്.
ചടങ്ങിനോടനുബന്ധിച്ച് വൈകിട്ട് മൂന്ന് മണിമുതൽ അവാർഡ് ജേതാക്കളും മാധ്യമവിദ്യാർഥികളുമായുള്ള സംവാദവും, തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തകരുടെ ഒത്തുചേരലും സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് നാലുമണിമുതൽ അനന്തകൃഷ്ണനും അരവിന്ദ് കൃഷ്ണനും അവതരിപ്പിക്കുന്ന തായമ്പകയും അരങ്ങേറും.
പുരസ്‌കാരദാന ചടങ്ങുകൾക്ക് ശേഷം ലോക കേരള സഭയുമായി സഹകരിച്ച് പ്രമുഖ നർത്തകി ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത സംഗീത ശിൽപം ‘ദേവഭൂമിക’യും വേദിയിലെത്തും.
