മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളായ പൈങ്ങോട്ടൂര്‍ കുടിവെള്ളപദ്ധതിയും, പാലക്കുഴ-ആരക്കുഴ കുടിവെള്ള പദ്ധികളുടെയും, നിര്‍മ്മാണം വേഗത്തിലാക്കാന്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, എല്‍ദോ എബ്രഹാം എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് മാരായ വള്ളമറ്റം കുഞ്ഞ്, എ.വി.സുരേഷ്, ജോഷി സ്‌കറിയ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാബു.ടി.മാത്യു, സിബി കുര്യാക്കോ, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, വിവിധ കക്ഷിനേതാക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉന്നതതല യോഗം ചേര്‍ന്നത്. പദ്ധതികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ആരക്കുഴ-പാലക്കുഴ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ആരക്കുഴ പഞ്ചായത്തിലെ കൊന്നാനിക്കാട് മലയില്‍ സ്ഥാപിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. പാലക്കുഴ പഞ്ചായത്തിലെ ഇലച്ചികുന്നിലെയും കോച്ചൂര്‍ നിരപ്പിലേയും നിലവിലെ ടാങ്കുകളും, ഇല്ലികുന്ന്, പാലനില്‍ക്കുംതടം, ചേലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ ടാങ്കുകളിലേക്ക് പമ്പിംഗ് ലൈനുകളില്‍ നിന്നും നേരിട്ട് വെള്ളമെത്തിച്ച് വിതരണം ചെയ്യും. ആരക്കുഴ പഞ്ചായത്തിലെ ആച്ചക്കോട്ട് മല, ഇല്ലികുന്ന്, തേവര്‍കാട് എന്നിവിടങ്ങളില്‍ ടാങ്കുകള്‍ നിര്‍മ്മാണം പൂര്‍ത്തിയായി. പഞ്ചായത്തിലെ മൂഴിയിലുള്ള കിണറില്‍ നിന്നുമാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഇവിടെ 50-എച്ച്.പിയുടെ പുതിയ മോട്ടോര്‍ സ്ഥാപിക്കും. പമ്പിംഗ് മെയിന്‍ അടക്കമുള്ള പൈപ്പ് ലൈനുകളും സ്ഥാപിച്ച് കഴിഞ്ഞു. 13.5 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. ട്രീറ്റ് മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായി. ഇതോടൊപ്പം പദ്ധതിക്കായി പാലക്കുഴ, ആരക്കുഴ പഞ്ചായത്തുകളിലെ മുഴുവന്‍ ജലവിതരണ കുഴലുകളും മാറ്റുന്നതിനും, പാലക്കുഴ പഞ്ചായത്തില്‍ പുതിയ ടാങ്ക് സാഥാപിക്കുന്നതിനും അടക്കം 31.4-കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടന്നും, ഇതിന്റെ അനുമതി വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി.
പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതിയ്ക്ക് 28.82-കോടി രൂപയുടെ കിഫ്ബി അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. കാളിയാര്‍ പുഴയുടെ തീരത്ത് കാവുംകഴത്താണ് കിണറും പമ്പ് ഹൗസും 35-എച്ച്.പിയുടെ മോട്ടറും സ്ഥാപിച്ച് ഇവിടെ നിന്നും വെള്ളം പമ്പ് ചെയ്ത് പൊതക്കുളത്ത് പഞ്ചായത്ത് കണ്ടെത്തിയ സ്ഥലത്ത് സ്ഥാപിക്കുന്ന ശുചീകരണ പ്ലാന്റിലെത്തിച്ച് ശുചീകരിച്ച ശേഷം പത്രിച്ചോട് മലയിലും കുളപ്പുറത്തും, മെത്രാന്‍ കൂപ്പിലും, മാവുംതൊട്ടി, എന്നിവിടങ്ങളിലെ ടാങ്കിലും വെള്ളമെത്തിച്ച് വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ശുചീകരണ പ്ലാന്റിന്റെയും, ടാങ്ക് നിര്‍മിക്കുന്നതിനുള്ള സ്ഥലങ്ങളും ഏറ്റെടുത്ത് വാട്ടര്‍ അതോറിറ്റിയ്ക്ക് കൈമാറുന്നതോടെ പദ്ധതി ടെന്‍ഡര്‍ ചെയ്യും.ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിര്‍മ്മാണോദ്ഘാടനം നടത്താനും യോഗത്തില്‍ തീരുമാനമായി.