കാക്കനാട്: കിൻഫ്ര അമ്പലമുകളിൽ സ്ഥാപിക്കുന്ന നിർദ്ദിഷ്ട പെട്രോ കെമിക്കൽ പാർക്കിന്റെ പാരിസ്ഥിതിക അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പൊതു തെളിവെടുപ്പിൽ കളക്ടർ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ എം.എ.ബൈജു സ്വാഗതം പറഞ്ഞു. തുടർന്ന് കിൻഫ്ര ജനൽ മാനേജർ ഡോ: ടി.ഡി ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ഫാക്ടിൽ നിന്ന് ഏറ്റെടുക്കുന്ന അമ്പലമുകളിലെ 490 ഏക്കർ സ്ഥലത്താണ് നിർദ്ദിഷ്ട പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജർമ്മൻ കെമിക്കൽ പാർക്കുകളെ മാതൃകയാക്കി സ്ഥാപിക്കുന്ന പാർക്കിന് 1289 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. എല്ലാ വിധ മാനദണ്ഡങ്ങളും പാലിച്ചാകും പാർക്കിന്റെ പ്രവർത്തനം. പാർക്ക് പ്രവർത്തന സജ്ജമാകുന്നതോടെ 3733 പേർക്ക് സ്ഥിരമായും 5597 പേർക്ക് താൽക്കാലികമായും തൊഴിൽ ലഭിക്കും. കൂടാതെ സംസ്ഥാനത്ത് അനുബന്ധ വ്യവസായങ്ങളുടെ വളർച്ചക്കും പാർക്കിന്റെ വരവ് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർക്കിന്റെ വരവിനെ സംബന്ധിച്ച് പ്രദേശവാസികൾക്ക് ആശങ്കയുണ്ടെന്ന് തുടർന്ന് സംസാരിച്ച വടവുകോട് – പുത്തൻകുരിശ് പഞ്ചായത്തംഗം അബ്ദുൾ ബഷീർ പറഞ്ഞു. വിവിധ പദ്ധതികളുടെ വരവോടെ പഞ്ചായത്തിലെ ജനങ്ങൾ മലിനീകരണം മൂലം പൊറുതിമുട്ടുകയാണ്. പൊതു തെളിവെടുപ്പിനെ കുറിച്ച അറിയിപ്പ് പദ്ധതി പ്രദേശത്തിനടുത്ത് താമസിക്കുന്നവർക്കും പഞ്ചായത്ത് നിവാസികൾക്കും ലഭിച്ചില്ലെന്നും അതാണ് പൊതു പങ്കാളിത്തം തെളിവെടുപ്പിൽ കുറഞ്ഞ തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർക്കുണ്ടാക്കുന്ന മലിനീകരണത്തേ കുറിച്ചോ പദ്ധതികളെ കുറിച്ചോ പാർക്കിൽ കിൻഫ്രക്കുള്ള റോളിനെ കുറിച്ചോ പദ്ധതി റിപ്പോർട്ടിൽ പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ വരവോടെ പഞ്ചായത്തിന് ലഭിക്കുന്ന വരുമാനത്തെ കുറിച്ചും തൊഴിലുകളിൽ പ്രദേശവാസികൾക്ക് ലഭിക്കുന്ന മുൻഗണനയെ കുറിച്ചും വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ തന്നെ ഭീകരമായ മലിനീകരണത്തിന്റെ ഇരകളായ ബ്രഹ്മപുരം നിവാസികളെ പാർക്കിന്റെ വരവ് കുടുതൽ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ഗീത സുകുമാരൻ പറഞ്ഞു. എല്ലാ മാലിന്യങ്ങളും പുത്തൻകുരിശ് പഞ്ചായത്ത് പരിധിയിൽ അടിഞ്ഞ് കുടുകയാണ്. തുടർച്ചയായി മലിനീക ര ണം ഉണ്ടാക്കുന്ന ഒരു പ്ലാന്റുകളും ഇനി ഇവിടെ സ്ഥാപിക്കരുത്. സ്ഥാപിക്കുകയാണെങ്കിൽ പ്രദേശവാസികളെ മാറ്റി പാർപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന പാർക്കിന് അമ്പലമുഗൾ എന്ന് സ്ഥലപ്പേര് നൽകിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രദേശവാസിയായ പൗലോസ് പറഞ്ഞു. മലിനീകരണം കൊണ്ട് പൊറുതി മുട്ടുന്ന ബ്രഹ്മപുരം നിവാസികളെ കബളിപ്പിക്കുന്ന രീതിയിലാണ് പദ്ധതി റിപ്പോർട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതു തെളിവെടുപ്പിനെ കുറിച്ച അറിയിപ്പ് ഒരു മാസം മുൻപ് തന്നെ വടവുകോട് പുത്തൻകുരിശ് പഞ്ചായത്തോഫീസിലും മറ്റ് വകുപ്പുകളിലും എത്തിച്ചിരുന്നതായി മറുപടി പറഞ്ഞ കിൻഫ എം.ഡി. സന്തോഷ് കുമാർ പറഞ്ഞു. എല്ലാ വിധ ആശങ്കകളും കണക്കിലെടുത്തു കൊണ്ടുള്ള പദ്ധതി റിപ്പോർട്ടാണ് മലിനീകരണ നിയന്ത്രണ ബോർഡിന് നൽകിയിട്ടുണ്ട്. പാർക്കിനോട് ചേർന്ന് വരുന്ന ജനവാസ മേഖല ഹരിത മേഖലയായി നില നിർത്തുമെന്നും ഇവിടെ പാർക്കിംഗ് അടക്കമുള്ള കാര്യങ്ങൾ മാത്രമാണ് ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ അപാകതകൾ ഉണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ച് പെട്രോ കെമിക്കൽ പാർക്ക് എത്രയും വേഗം സാധ്യമാക്കണമെന്ന് ചെറുകിട വ്യവസായികളെ പ്രതിനിധീകരിച്ചെത്തിയ എൻ.വി.അഷറഫ്, നിസാം, അരുൺ ബാലൻ എന്നിവരും ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ ആശങ്ക പരിഹരിച്ചേ അന്തിമ റിപ്പോർട്ട് തയ്യാറാക്കൂവെന്ന് കളക്ടർ എസ്. സുഹാസ് പറഞ്ഞു. മലിനീകരണ ബോർഡ് എൻവയോൺമെന്റ് എഞ്ചിനീയർ ദിനേശ് മിനുട്സ് അവതരിപ്പിച്ചു.
