ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇനി എ.ടി.എം കാര്‍ഡുപയോഗിച്ച് പണമടയ്ക്കാം. ഡിജിറ്റല്‍ ഇന്ത്യാ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകള്‍ക്കും ഇ-പോസ് മെഷീന്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിര്‍വഹിച്ചു. വിവര സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ ഭരണ സംവിധാനത്തില്‍ പ്രായോഗികമായി നടപ്പാക്കിയാല്‍ ജനജീവിതം ആയാസകരമാക്കാമെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ അതിവേഗം ജനങ്ങളിലെത്താന്‍ ഇതുവഴി സാധിക്കുമെന്നും കലക്ടര്‍ പറഞ്ഞു. നികുതികളും ഫീസുകളും കറന്‍സി രഹിത സംവിധാനത്തിലേക്കു മാറുന്നതിലൂടെ ഓഫിസുകളിലെ ഭരണ സംവിധാനം വേഗത്തിലാക്കാന്‍ സഹായിക്കും. ഇ-പേമെന്റ് (ഇ-പോസ്/ യു.പി.ഐ) സംവിധാനം നടപ്പാക്കുമ്പോള്‍ ജീവനക്കാര്‍ക്ക് സമയലാഭവും ഉണ്ടാവും. സാധാരണയായി എ.ടി.എം കാര്‍ഡ് സൈ്വപ് ചെയ്ത് പണം അടയ്ക്കുന്ന സമാനരീതി തന്നെയാണ് ഇ-പോസ് മെഷീന്‍ മുഖേനയും പ്രയോഗിക്കുന്നത്. കൂടുതല്‍ വേഗത്തിലും ആധുനിക രീതിയിലുള്ള അന്തരീക്ഷത്തിലും സുതാര്യത ഉറപ്പാക്കിയുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുകയാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ 157 വില്ലേജ് ഓഫീസുകള്‍ക്കാണ് ഇ-പോസ് മെഷീന്‍ വിതരണം ചെയ്തത്. വിതരണത്തിനോടനുബന്ധിച്ച് വില്ലേജ് ഓഫീസര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മെഷീന്‍ പ്രവര്‍ത്തനം സംബന്ധിച്ച് ക്ലാസ് നല്‍കി. പാലക്കാട് എന്‍.ഐ.സി.യുടെ നേതൃത്വത്തിലാണ് റവന്യൂ ഇ-പേമെന്റ് സിസ്റ്റം സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേറ്റിക്സ് ഓഫീസര്‍ എല്‍.ശ്രീലത, അഡീ. ഇന്‍ഫര്‍മേറ്റിക്സ് ഓഫീസര്‍ പി. സുരേഷ് കുമാര്‍, ജില്ലാ ഐ.ടി.സെല്‍ കോഡിനേറ്റര്‍ യു.കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.