എന്‍ജിനീയറിങ് കോളെജുകളില്‍ നിന്നും ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കിയാല്‍ ആവശ്യത്തിന് എഞ്ചിനീയര്‍മാരില്ലാത്ത അവസ്ഥ ഇല്ലാതാക്കി കാലതാമസം നേരിടുന്ന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കാമെന്ന് അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ‘ബ്രിഡ്ജ് 19’ ശില്‍പ്പശാല വിലയിരുത്തി. യുവജനങ്ങളുടെ സാങ്കേതിക വൈദഗ്ധ്യവും കരുത്തും പ്രാദേശിക വികസനത്തിന് പ്രയോജനപ്പെടുത്തിയാല്‍ തൊഴിലില്ലായ്മയും പദ്ധതികളുടെ കാലതാമസവും ഒരേ സമയം പരിഹരിക്കാനാകുമെന്ന് ‘ബ്രിഡ്ജ് 19’ വ്യക്തമാക്കുന്നു. അസാപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍, വ്യവസായസംരംഭക സംഘടനാ പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ എന്നിവര്‍ക്കായി സൂര്യ രശ്മി ഓഡിറ്റോറിയത്തില്‍ നടത്തിയ ‘ബ്രിഡ്ജ് 19’ ശില്‍പശാല പാലക്കാട് സബ്കലക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു.

യുവജനങ്ങളുടെ കരുത്തും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി എന്‍ജിനീയറിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ പ്രാദേശിക വികസനത്തില്‍ കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് സബ് കലക്ടര്‍ പറഞ്ഞു. ശില്‍പ്പശാലയില്‍ പഞ്ചായത്ത് ഉപ ഡയറക്ടര്‍ എം. രാമന്‍കുട്ടി അധ്യക്ഷനായി. ഓരോ പഞ്ചായത്ത് പരിധിയിലെയും എഞ്ചിനീയറിങ് കോളെജിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുന്നതിലൂടെ റോഡ്, കെട്ടിടം, പാലം നിര്‍മാണം എന്നിവ സമയാസമയങ്ങളില്‍ നേരിട്ട് വിലയിരുത്തുന്നതിനും പൂര്‍ത്തിയാക്കാനും ഗ്രാമപഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സൗകര്യമാകും. മെക്കാനിക്കല്‍, സിവില്‍, അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുത്താമെന്നും ശില്‍പശാല വ്യക്തമാക്കി.

ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും പരസ്പര സഹായകരമാകുന്നതിനെ കുറിച്ച് ലീഡ് കോളെജ് ചെയര്‍മാന്‍ ഡോ. തോമസ് ജോര്‍ജ് വിശദീകരിച്ചു. ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ ഇന്റണ്‍ഷിപ്പ് ഒരുക്കുന്ന അവസരങ്ങള്‍, പ്രാധാന്യം എന്നിവ സംബന്ധിച്ച് പാലക്കാട് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സുമേഷ് കെ. മേനോന്‍ സംസാരിച്ചു. അസാപ് സീനിയര്‍ പ്രോഗ്രാം മാനേജര്‍മാരായ അരുണ്‍ ഉപേന്ദ്ര, എസ്. ശ്രീരഞ്ജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനെജര്‍ അബ്ദുല്‍ വഹാബ്, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് സി.എസ് ഹക്കീം, എന്നിവര്‍ സംസാരിച്ചു.