സംഗീതകുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പേരില്‍ പാലക്കാട് കോട്ടായിയിലെ ചെമ്പൈ ആസ്ഥാനം കലാഗ്രാമമായി ഒരുക്കാന്‍ ധാരണയായി. മന്ത്രിമാരായ പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ്് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ നടത്തിപ്പ് പഠിക്കാന്‍ രണ്ടു ദിവസത്തിനകം വാപ്കോസ് സംഘത്തെ ചുമതലപ്പെടുത്തുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ സംഗീതഞ്ജന്‍ താമസിച്ച വീടിന്റെ നവീകരണം, മ്യൂസിയം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് ഒരുങ്ങുക. ചെമ്പൈ ഗ്രാമത്തില്‍ മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള രണ്ടര ഏക്കര്‍ ഭൂമി പദ്ധതിക്കായി വിട്ടുനല്‍കാന്‍ ആവശ്യപ്പെടാനും ദേവസ്വം മന്ത്രികൂടിയായ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചു. ഡി.റ്റി.പി.സിക്കാണ് പദ്ധതി ചുമതല. തുടര്‍ന്ന് ചെമ്പൈ ട്രസ്റ്റിന്് കൈമാറും. മന്ത്രി എ.കെ ബാലന്റെ നിര്‍ദേശാനുസരണമാണ് പദ്ധതി നടപ്പാക്കുന്നത്. കോട്ടായി ചെമ്പൈയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ ഡി.റ്റി.പി.സി സെക്രട്ടറി അജേഷ്, ചെമ്പൈ വിദ്യാപീഠം സെക്രട്ടറി കീഴത്തൂര്‍ മുരുകന്‍, ചെമ്പൈ സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീത, കെ പി രവീന്ദ്രന്‍, ടി കെ ദേവദാസ്, എം ആര്‍ ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിമാര്‍ ചെമ്പൈ പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന നടത്തി.