തസ്രാക്കില്‍ രണ്ടുദിവസങ്ങളിലായി നടന്നുവന്നിരുന്നു സാഹിത്യ ചര്‍ച്ചയ്ക്ക് സമാപനം. ഖസാക്കിന്റെ ഇതിഹാസവും നോവല്‍ രചനയും ആസ്പദമാക്കി ഒ.വി വിജയന്‍ സ്മാരക സമിതി സംഘടിപ്പിച്ച ഖസാക്ക് -ഇടവപ്പാതി സംസ്ഥാന നോവല്‍ നോവല്‍ സംഗമത്തില്‍ നിരവധി എഴുത്തുകാരും നിരൂപകരും വായനക്കാരും സംഗമിച്ചു. പ്രഗത്ഭരായ എഴുത്തുകാരുടെ സാന്നിധ്യം എഴുത്തിന്റെ ഉള്ളറിയാന്‍ എത്തിയവര്‍ക്ക് മുതല്‍ക്കൂട്ടായി. മലയാളത്തിലെ ആദ്യകാല നോവലുകള്‍ മുതല്‍ സമീപകാലത്തിറങ്ങിയവ നോവലുകള്‍ ഉള്‍പ്പെടുത്തിയുള്ള പ്രയാണമായിരുന്നു സംഗമത്തിന്റെ പ്രത്യേകത. നോവലിന്റെ കാലം, ആഖ്യാനം, ദേശം, ഭാഷ എന്നീ വിഷയങ്ങളില്‍ ഊന്നിയാണ് ചര്‍ച്ച പുരോഗമിച്ചത്. ഒ വി വിജയന്റെ പ്രശസ്തമായ നോവലുകളിലെയും മലയാളത്തിലെ മറ്റു നോവലുകളിലെയും പ്രമേയം ,നിലപാടുകള്‍, ഭാഷ എന്നിവ ചര്‍ച്ചയില്‍ ഇടം പിടിച്ചു. നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മലയാള നോവലുകളുടെ രചനാഘടനയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ടി.ഡി രാമകൃഷ്ണന്‍, വി.ജെ ജയിംസ് , ഫ്രാന്‍സിസ് നെറോണ, ഡോ. വി രാജകൃഷ്ണന്‍, ലിസി, ഷിനിലാല്‍, ആഷാമേനോന്‍, ടി കെ ശങ്കരനാരായണന്‍, പി കണ്ണന്‍കുട്ടി, റഹ്മാന്‍ കിടങ്ങയം, സജയ് കെ വി, പി ജി പാര്‍വതി തുടങ്ങി നിരവധി എഴുത്തുകാര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് എഴുത്തുകാരുമായി സംവദിക്കാനും സംശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുവാനും അവസരമൊരുങ്ങി. പുതു തലമുറയിലെ എഴുത്തുകളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. യുവതലമുറയ്ക്ക് സാഹിത്യത്തിലുള്ള അവബോധം ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന സംഗമമായാണ് ക്യാമ്പിനെ കാണുന്നതെന്ന് സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ ശാന്തകുമാരി പറഞ്ഞു. ഒ.വി വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ നാരായണദാസ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടര്‍ ടി.ഡി രാമകൃഷ്ണന്‍ ക്യാമ്പ് അവലോകനം ചെയ്തു. ക്യാമ്പ് കോഡിനേറ്റര്‍ രാജേഷ് മേനോന്‍, ഇ.ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.