എഴുത്തുകാരനെ നന്ദിയോടെ ഓര്‍ത്ത് ആ സ്‌നേഹം തലമുറകളിലേക്ക് ഇടവപ്പാതി പോലെ കോരിച്ചൊരിഞ്ഞുകൊണ്ടുള്ള തസ്രാക്കിലെ ഒത്തുകൂടല്‍ തികച്ചും ഹൃദ്യമായി. ദേശത്തിലൂടെയും ഭാഷയിലൂടേയും ഖസാക്കിന്റെ ഇതിഹാസം വായിച്ചെടുത്ത ഖസാക്ക് ഇടവപ്പാതി നോവല്‍ സംഗമത്തിന്റെ രണ്ടാം ദിനം ചര്‍ച്ചകളാല്‍ സജീവമായി. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ നയിച്ച ചര്‍ച്ചയില്‍ നോവലിലെ ദേശം ഏതെല്ലാം തരത്തില്‍ ആഖ്യാനിക്കപ്പെടാമെന്നും രണ്ടാം സെഷനില്‍ ഭാഷയുടെ സ്വാധീനവും ചര്‍ച്ചയായി. ഖസാക്കിന്റെ ഇതിഹാസത്തിലൂടേയും മറ്റു മലയാള നോവലുകളിലൂടേയുമാണ് വിഷയങ്ങളെ വായിച്ചെടുത്തത്. ചര്‍ച്ചയില്‍ പങ്കെടുത്ത നിരൂപകരും എഴുത്തുകാരും തങ്ങളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. ദേശങ്ങളുടെ അനൗദ്യോഗിക ചരിത്രമാണ് നോവല്ലെന്ന് ദേശം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഇ.പി.രാജഗോപാലന്‍ അഭിപ്രായപ്പെട്ടു. ആഗോളവത്ക്കരണം സ്ഥലങ്ങളുടെ വ്യക്തിത്വം ഇല്ലാതാക്കിയെന്നും ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.രമേഷ് മോഡറേറ്ററായ ചര്‍ച്ചയില്‍ ആഷാ മേനോന്‍, ടി.കെ.ശങ്കരനാരായണന്‍, പി.കണ്ണപ്പന്‍കുട്ടി, മനോഹരന്‍ പേരകം, റഹ്മാന്‍ കിടങ്ങയം, മഹേന്ദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എഴുത്തുകാരന്‍ മറ്റൊരു എഴുത്തുകാരനെ അനുകരിക്കാതെ തന്റേതായ ഭാഷ സൃഷ്ടിച്ചെടുക്കണമെന്ന് ഭാഷ വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ വി.ജെ.ജെയിംസ് പറഞ്ഞു. ഒ.വി.വിജയന്റെ നോവലുകളായ ഗുരുസാഗരം, ധര്‍മ്മപുരാണം, ഖസാക്കിന്റെ ഇതിഹാസം എന്നിവ ഭാഷാപ്രയോഗത്തിന്റെ പ്രകടമായ വ്യത്യാസങ്ങളാണ്. കൂടാതെ മലയാള സാഹിത്യത്തില്‍ വാമൊഴികള്‍ എങ്ങനെയാണ് പ്രയോഗിച്ചതെന്നും അവ എങ്ങനെയാണ് മലയാള ഭാഷയെ സജീവമാക്കിയതെന്നും ചര്‍ച്ച ചെയ്തു.രഘുനാഥന്‍ പറളി മോഡറേറ്ററായ ചര്‍ച്ചയില്‍ കെ.വി.സജയ്, ഡോ.മിനി പ്രസാദ്, അജിജേഷ് പച്ചാട്ട്, ഉഷാകുമാരി, പി.ആര്‍.അരവിന്ദന്‍, പി.ജി.പാര്‍വതി എന്നിവര്‍ പങ്കെടുത്തു. പുതിയ എഴുത്ത് പുതു വായന എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ നവാഗത എഴുത്തുകാര്‍ നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്തു. ഡോ.സി.പി.ചിത്രഭാനു മുഖാമുഖം ഉദ്ഘാടനം ചെയ്തു. ജംഷീര്‍, സുനിത ഗണേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു. പുതുതലമുറയിലെ എഴുത്തുകാരും ആസ്വാദകരും ചര്‍ച്ചയില്‍ പങ്കാളികളായി. തോപ്പില്‍ ഭാസിയുടേയും മുകുന്ദന്റെയും ബഷീറിന്റെയും കൃതികളില്‍ തുടങ്ങി സമീപകാലത്ത് പുറത്തിറങ്ങിയ ടി.ഡി.രാമകൃഷ്ണന്റെ മാമാ ആഫ്രിക്കയും സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയും ചര്‍ച്ചയില്‍ ഇടം പിടിച്ചു.