അശാസ്ത്രീയവും മുന്‍കരുതലുകളുമില്ലാത്ത ജലവിനിയോഗം മൂലം ജില്ലയുടെ ഭൂഗര്‍ഭ ജലം തീരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുഴല്‍ക്കിണറുകളും വെള്ളമില്ലാത്ത കുഴല്‍ക്കിണറുകളും ഉള്ള കാസര്‍കോട് ജില്ല വന്‍ദുരന്തമാണ് സമീപ ഭാവിയില്‍ നേരിടാന്‍ പോകുന്നത്. അനിയന്ത്രിതമായ രീതിയില്‍ ഭൂഗര്‍ഭ ജലം വ്യാപകമായി ഉപയോഗിക്കുകയും അതേസമയം ആനുപാതികമായി പ്രകൃതിദത്തമായ രീതിയില്‍ മഴവെള്ളം ഭൂമിയിലേക്ക് റീചാര്‍ജ് ചെയ്യപ്പെടാത്തതുമാണ് ഭൂഗര്‍ഭ ജലവിതാനം അപകടകരമാം വിധത്തില്‍ താഴ്ന്നു കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം.
സംസ്ഥാനത്ത് കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് രൂക്ഷമായ ജലക്ഷാമം നേരിടുന്നത്. അതില്‍ തന്നെ കാസര്‍കോടിന്റെ കാര്യം വളരെ പരിതാപകരമാണ്. ഇതിനെ കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ കേന്ദ്ര സംഘം ഈ മാസം ജില്ലയിലെത്തും. ഇതിനു പുറമേ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജല്‍ശക്തി അഭിയാന്‍ പ്രകാരം ജില്ലയിലെ ജലവിതാനം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പദ്ധതി രൂപീകരിക്കും. ജലശക്തി അഭിയാന്റെ നടത്തിപ്പിനായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം മേധാവി എന്നിവരെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ജില്ലയില്‍ ജലവിനിയോഗ നയം രൂപീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.
കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മിറ്റിയുടെ (ജിഇസി) 2017ലെ റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് ബ്ലോക്കിലെ 97.68 ശതമാനം ഭൂഗര്‍ഭജലവും ഉപയോഗിച്ചു കഴിഞ്ഞു. 2013ല്‍ അത് 90.52 ശതമാനമായിരുന്നു. സംസ്ഥാനത്ത് തന്നെ അതീവ ഗുരുതരമായ (critical) സ്ഥിതിയാണിത്. 2005 ല്‍ കാസര്‍കോട്, കോഴിക്കോട്, ചിറ്റൂര്‍ (പാലക്കാട്), കൊടുങ്ങല്ലൂര്‍ (തൃശൂര്‍), അതിയന്നൂര്‍ (തിരുവനന്തപുരം) എന്നീ ബ്ലോക്കുകളെയായിരുന്നു ‘ഓവര്‍ എക്‌സ്‌പ്ലോയിറ്റഡ്’ മേഖലയായി നിര്‍ണ്ണയിച്ചത്. 2017 ആവുമ്പോഴേക്കും ചിറ്റൂര്‍, കാസര്‍കോട് ഒഴികെയുള്ള ബ്ലോക്കുകള്‍ ജലവിനിയോഗത്തില്‍ സുരക്ഷിത (സേഫ്) സ്ഥാനത്തെത്തിയിരുന്നു.
പക്ഷേ കാസര്‍കോട് ജില്ലയില്‍ 2017ലെ സ്ഥിതിവിവര കണക്ക് പ്രകാരം മഞ്ചേശ്വരം, കാറഡുക്ക കാഞ്ഞങ്ങാട് എന്നീ ബ്ലോക്കുകള്‍ സെമി ക്രിട്ടിക്കല്‍ സാഹചര്യത്തിലാണ്. 83.96 ശതമാനം, 82.03 ശതമാനം, 77.67 ശതമാനം എന്നിങ്ങനെയാണ് ഈ ബ്ലോക്കുകളിലെ ഭൂഗര്‍ഭ ജലവിനിയോഗം. ജില്ലയില്‍ നീലേശ്വരം, പരപ്പ ബ്ലോക്കുകള്‍ മാത്രമായിരുന്നു സുരക്ഷിത സ്ഥാനത്തുണ്ടായിരുന്നത്. 2005ല്‍ 57.57 ശതമാനം, 55.34 ശതമാനം എന്നിങ്ങനെ ആയിരുന്നെങ്കില്‍ 2017ല്‍ 69.52, 66.97 എന്നിങ്ങനെയാണ്. ഈ മേഖലകളും ഈ വര്‍ഷമാവുമ്പോഴേക്കും സെമി ക്രിട്ടിക്കല്‍ സാഹചര്യത്തിലേക്കെത്തിയിട്ടുണ്ടാവുമെന്നാണ് ഹൈഡ്രോളജിസ്റ്റ് ബി.ഷാബി പറയുന്നത്. വ്യാവസായിക സംരംഭങ്ങള്‍ കുറവായ ജില്ലയില്‍ ജലക്ഷാമം രൂക്ഷമാകുന്നതിന് കാരണം അശാസ്ത്രീയവും അനിയന്ത്രിതവുമായ കാര്‍ഷിക ജലസേചനമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
കാറഡുക്ക ബ്ലോക്കില്‍ ഭൂഗര്‍ഭ ജലത്തിന്റെ വ്യാവസായിക ഉപഭോഗം 3.479 ഹെക്ടര്‍ മീറ്ററും, ഗാര്‍ഹിക ഉപഭോഗം 690.713 ഉം ആണെങ്കില്‍ കാര്‍ഷിക ജലസേചനം 3585.89 ഹെക്ടര്‍ മീറ്ററാണ്. മഞ്ചേശ്വരത്തും ഗാര്‍ഹിക ഉപഭോഗം 1174.18 മാത്രമാണെങ്കില്‍ ജലസേചനത്തിന് 5769.94 ഹെക്ടര്‍ മീറ്റര്‍ ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നു. കാഞ്ഞങ്ങാട് ഗാര്‍ഹികം 1199.029 ഉം കാര്‍ഷിക ജലസേചനം 3970.95 ഹെക്ടര്‍മീറ്ററുമാണ്. പ്രധാനമായും കമുകിന്‍ തോട്ടങ്ങളിലാണ് അനിയന്ത്രിതമായ രീതിയില്‍ ജലചൂഷണം നടക്കുന്നത്. കുഴല്‍ക്കിണറുകളും നദീജലവും ഇങ്ങനെ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനായി പ്രകൃതിദത്തമായ വാട്ടര്‍ റീചാര്‍ജിങ് കൂടാതെ കൃത്രിമ റീച്ചാര്‍ജിങ് രീതികളും അവലംബിക്കേണ്ടത് അത്യാവശ്യമാണെന്നും മഴവെള്ളം പരമാവധി ഭൂമിയില്‍ തന്നെ ഇറക്കി വിടാന്‍ ഇനിയും നാം തുനിഞ്ഞില്ലെങ്കില്‍ ജില്ല സമീപ ഭാവിയില്‍ ദുരന്തഭൂമിയായി മാറുമെന്ന് ഷാബി പറയുന്നു.