ജലസുരക്ഷ, ജല സംഭരണം, അമിതജല ചൂഷണം തടയല്‍ എന്നിവ നടപ്പാക്കുന്നതിനുള്ള ജലശക്തി അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ബ്ലോക്കുകള്‍ സെപ്റ്റംബര്‍ 15നകം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍ നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്തേണ്ട പദ്ധതികളുടെ ടാര്‍ഗറ്റ് നിശ്ചയിച്ച് നല്‍കുകയും ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുകയും ചെയ്തു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളില്‍ വ്യാപകമായ പ്രചാരണം നടത്തുന്നതിന് തീരുമാനിച്ചു. ജലശക്തി അഭിയാനുമായി ബന്ധപ്പെട്ട് ഐ.ടി.എല്‍ റെസിഡന്‍സിയില്‍ നടത്തിയ ശില്‍പശാലയിലാണ് നിര്‍ദ്ദേശം നല്‍കിയത്. അമിതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്ത് വരള്‍ച്ചാ ഭീഷണി നേരിടുന്ന പ്രദേശങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കുകളും കാസര്‍കോഡ് ജില്ലയിലെ കാസര്‍കോഡ് ബ്ലോക്കുമാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ചിറ്റൂര്‍ ബ്ലോക്ക് അതീവ ഗുരുതര മേഖലയിലും മലമ്പുഴ ഗുരുതര മേഖലയിലുമാണ്. രണ്ട് ബ്ലോക്കുകളിലുമായി 13 പഞ്ചായത്തുകളിലാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ജലസംരക്ഷണവും മഴവെള്ളക്കൊയ്ത്തും പരമ്പരാഗത ജലാശയങ്ങളുടെ നവീകരണം, കുഴല്‍ക്കിണര്‍ റീചാര്‍ജ്ജിംഗ്, വാട്ടര്‍ഷെഡ് ഡെവലപ്മെന്റ്, വനവത്ക്കരണം എന്നീ വിഭാഗങ്ങളിലുള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. ചെക്ക് ഡാമുകള്‍, കുളങ്ങള്‍, കിടങ്ങുകള്‍ എന്നിവ സംരക്ഷിക്കുകയും മേല്‍ക്കൂരയിലെ ജലവും മറ്റ് രീതിയിലുള്ളതുമായ മഴവെള്ളവും റീചാര്‍ജ്ജ് ചെയ്യലുമാണ് പ്രധാന ജലസംരക്ഷണ മാര്‍ഗങ്ങളിലുള്‍പ്പെടുന്നത്. ഇതു സംബന്ധിച്ച് ഓരോ പഞ്ചായത്തുകളും നടപ്പിലാക്കുന്നതും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സംസ്ഥാന മിഷന് നല്‍കി. പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ഓരോ ആഴ്ചയും പുരോഗതി സംസ്ഥാന മിഷന് റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു. രാജ്യത്താകെ 254 ജില്ലകളിലായി 1593 ബ്ലോക്ക് പഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ട പദ്ധതിയില്‍ ഉള്‍പ്പെട്ട കേരളത്തില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ 15 വരെ പ്രവൃത്തികള്‍ നടപ്പിലാക്കും. ജലശക്തി അഭിയാനുമായി ബന്ധപ്പെട്ട് ഐ.ടി.എല്‍ റെസിഡന്‍സിയില്‍ നടത്തിയ ശില്‍പശാലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍ സെല്‍ ജോയിന്റ് ഡെവലപ്മെന്റ് കമ്മീണറും പ്രോഗ്രാം ഓഫീസറുമായ പി.ബാലചന്ദ്രന്‍ നായര്‍, ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണര്‍ എസ്.സനോബ്, ജില്ലാ ജോയിന്റ് പ്രോഗ്രാം കോഡിനേറ്ററും ജോയിന്റ് ഡെവലപ്മെന്റ് കമ്മീഷണറുമായ സി.എസ്.ലതിക എന്നിവര്‍ പങ്കെടുത്തു.