2020-ടെ മുഴുവന്‍ വീടുകളിലും ഒരു ആര്യവേപ്പും കറിവേപ്പും നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ചേര്‍ന്ന് നടപ്പാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ മൂന്നാം ഘട്ടം തുടങ്ങി. പദ്ധതിയുടെ നടത്തിപ്പിന് മുന്നോടിയായി പി.എ.യു കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ശില്‍പശാല ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ബിന്ദു സുരേഷ് ഉദ്ഘാടനം ചെയ്തു. ഗൃഹചൈതന്യം പദ്ധതി നിര്‍വഹണം സംബന്ധിച്ച് തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍, ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായാണ് ശില്‍പ്പശാല നടത്തിയത്.സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് സി.ഇ.ഒ കെ.വി ഉത്തമന്‍ അധ്യക്ഷനായി. എല്ലാ ഭാഗങ്ങളും ഔഷധമായ ആര്യവേപ്പ് ജൈവകീടനാശിനി നിര്‍മ്മാണത്തിലും പാരിസ്ഥിതിക സന്തുലനത്തിനും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. കറിക്കൂട്ടുകളില്‍ ഉള്‍പ്പെടുത്തേണ്ടതും എന്നാല്‍ വിപണിയില്‍ വിഷം തളിച്ച് ലഭിക്കുന്നതുമായ കറിവേപ്പും ആരിവേപ്പും ഓരോ വീട്ടുമുറ്റത്തും നട്ടുവളര്‍ത്തേണ്ടത് ആവശ്യമാണെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ് പറഞ്ഞു. വനിതാ ക്ഷേമ ഓഫീസര്‍ ജെ. പ്രമീളാകുമാരി, ബോര്‍ഡ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ.ഒ .എല്‍ പയസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീധരന്‍ എന്നിവര്‍ സംസാരിച്ചു.

പദ്ധതി വിപുലീകരിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍

ആദ്യഘട്ടത്തില്‍ എലപ്പുള്ളി പഞ്ചായത്തിലും രണ്ടാം ഘട്ടത്തില്‍ ഏഴു ബ്ലോക്കുകളിലുമാണ് പദ്ധതി നടപ്പാക്കിയത്. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബ്ലോക്ക്- ഗ്രാമപഞ്ചായത്തിലും പദ്ധതി വ്യാപിപ്പിക്കും. ഇതിനായി തൈകള്‍ ഉത്പാദിപ്പിക്കാനാവശ്യമായ ഗുണമേന്മയുള്ള വിത്തുകള്‍ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ലഭ്യമാക്കും. കൂടാതെ പദ്ധതിയെക്കുറിച്ചുള്ള ലഘുലേഖകളും പോസ്റ്ററുകളും നല്‍കും. ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിക്കും. സന്നദ്ധ പ്രവര്‍ത്തകന്‍ വൈസ് ചെയര്‍മാനും പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറും അസിസ്റ്റന്റ് സെക്രട്ടറി ജോയിന്‍ കണ്‍വീനറും ആയിരിക്കും. ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസറാണ് ചീഫ് കോഡിനേറ്റര്‍. മുഴുവന്‍ ജനപ്രതിനിധികളും തൊഴിലുറപ്പ് അക്രഡിറ്റഡ് എന്‍ജിനീയര്‍/ഓവര്‍സിയര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ തുടങ്ങിയവരും അംഗങ്ങളായിരിക്കും. പദ്ധതിക്ക് ആവശ്യമായ തൈ ഉല്‍പാദനം, വിതരണം, ഗ്രാമപഞ്ചായത്ത് -വാര്‍ഡ് തല ഉദ്ഘാടനം, മോണിറ്ററിങ് തുടങ്ങിയ എല്ലാ കാര്യങ്ങളും കമ്മിറ്റിയുടെ ഉത്തരവാദിത്വത്തിലും മേല്‍നോട്ടത്തിലുമാണ് നടപ്പിലാക്കുക. ഓരോ വീടുകളിലും തൊഴിലുറപ്പ് തൊഴിലാളികള്‍ സൗജന്യമായി തൈകള്‍ വച്ചു പിടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴില്‍ ജില്ലയിലെ വിവിധ നഴ്‌സറികളില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ വിത്ത് മുളപ്പിച്ച് തൈകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യുമെന്നും ശില്‍പശാലയില്‍ വ്യക്തമാക്കി.