മൂവാറ്റുപുഴ: കാർഷീക മേഖലക്ക് ഉണർവ് പകർന്ന് ഞാറ്റുവേല ചന്തകൾ. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഞാറ്റുവേല ചന്തകളാണ് കർഷകർക്കും കാർഷിക മേഖലക്കും ആവേശമായി മാറിയത്. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 22 മുതൽ ഈ മാസം 6 വരെയാണ് തിരുവാതിര ഞാറ്റുവേല ആഘോഷിക്കാൻ തീരുമാനിച്ചത്. നാടിന്റെ നഷ്ടമാകുന്ന കാർഷീക പ്രതാപം വീണ്ടെടുക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. മൂവാറ്റുപുഴ കൃഷി അസി. ഡയക്ടർ ഓഫീസിന് കീഴിൽ 8 പഞ്ചായത്തുകളും ഒരു നഗരസഭയുമാണുള്ളത്. ഇതിൽ എല്ലായിടത്തും ഞാറ്റുവേല ചന്തകൾ വിപുലമായ രീതിയിലാണ് സംഘടിപ്പിച്ചത്. കർഷകരുടെയും കൃഷി വകുപ്പിന്റെയും നടീൽ വസ്തുക്കൾ, തെങ്ങിൻ തൈകൾ, കുരുമുളക് തൈകൾ, പച്ചക്കറി തൈകൾ തുടങ്ങി വിവിധങ്ങളായ ഉൽപന്നങ്ങളാണ് ചന്തകളിലൂടെ വിറ്റഴിച്ചത്. പഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികളും കൃഷി വകുപ്പുദ്യോഗസ്ഥരും, കർഷകരും, വിവിധ കർഷക സംഘടനാ പ്രതിനിധികളുമാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. എട്ട് പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി ആകെ 144 വാർഡുകളാണുള്ളത്. ഇതിൽ 100 വർഡുകളിലും ഇതിന്റെ ഭാഗമായുള്ള കർഷക സഭകൾ നടന്ന് കഴിഞ്ഞതായി കൃഷി അസി. ഡയറക്ടർ വി.കെ സജിമോൾ പറഞ്ഞു. ശനിയാഴ്ച്ചയോടെ ഇതും പൂർത്തിയാകും. ഇതിന് ശേഷമാണ് ബ്ലോക്ക് തല ഞാറ്റുവേല ചന്ത നടക്കും.

ഫോട്ടോ അടിക്കുറിപ്പ്:

ഞാറ്റുവേല ചന്തയുടെ ഭാഗമായി ആയവന പഞ്ചായത്തിൽ വിൽപനക്കെത്തിച്ച തൈകൾ