കാമ്പസുകള്‍ ഹരിതാഭമാക്കുന്നതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചന്ദനത്തോപ്പ് ഗവ ഐ ടി ഐ കൂടുതല്‍ മനോഹരമാകുന്നു. ഹരിത കേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൈവ പച്ചക്കറി കൃഷി, മഴ വെള്ള സംഭരണി, കുളം നിര്‍മാണം, മിനി മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍, കുടിവെള്ളം-ജലശുദ്ധീകരണി സ്ഥാപിക്കുക, ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക.
ഹരിത കേരളം മിഷന്റെ പദ്ധതികളിലൊന്നായ  പച്ചതുരുത്തിന് വേണ്ടി  ക്യാമ്പസില്‍ ഒരേക്കറോളം സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.   ചന്ദനത്തോപ്പ് ഗവ ഐ ടി ഐ-ക്ക് പുറമെ ചാത്തന്നൂര്‍, ഇളമാട്, തേവലക്കര, ചന്ദനത്തോപ്പ് ബി ടി സി, മയ്യനാട്, കൊല്ലം വനിതാ ഐ ടി ഐകളും ഇതിനോടകം ഹരിത ക്യാമ്പസാക്കി മാറ്റിയിട്ടുണ്ട്.
ഹരിത ഐ ടി ഐയുടെ ഒന്നാം ഘട്ടത്തില്‍ ആരംഭിച്ച ബോട്ടില്‍ ബൂത്ത് പദ്ധതി ഉറവിട മാലിന്യ സംസ്‌കരണം വേര്‍തിരിക്കുന്നതിന്റെ മികച്ച മാതൃകയാണ്.  ക്യാമ്പസില്‍ എത്തുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍,  കവറുകള്‍,  ഖര മാലിന്യങ്ങള്‍ എന്നിവ പ്രത്യേകം ബിന്നുകള്‍ സ്ഥാപിച്ച് ശേഖരിക്കുന്നു. ഇതു ഹരിത കര്‍മ സേനയുടെ സഹായത്തോടെ ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറുന്നതായിരുന്നു പദ്ധതി.
ശരിയായ മാലിന്യ സംസ്‌കരണം ഉറപ്പ് വരുത്തുന്നതിനും ഹരിത ചട്ടം എല്ലായിടത്തും പാലിക്കുന്നതിനുമായി ജില്ലയിലെ സ്‌കൂളുകളും വിവിധ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഐസക് പറഞ്ഞു.