ഡബ്ല്യൂ.എം.ഓ വയനാട് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാർഥികളുടെ കരവിരുതിന്റെ ചാരുതയുമായി കുടുംബസംഗമത്തിൽ സംഘടിപ്പിച്ച സ്‌ററാൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഫോട്ടോ ഫ്രെയിമുകൾ, വിവിധതരം ആഭരണങ്ങൾ, വള, തുടങ്ങിയവ ഏറെപ്പേരെ ആകർഷിക്കുന്നതായി. മുട്ടിലെ ഡബ്ല്യൂ.ഓ ബധിര മൂക സ്‌കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ സ്റ്റാൾ ഏവർക്കും പ്രചോദനം നൽകുന്നതായി. മൂന്നുമണിക്കൂർ കൊണ്ട് കൈകൊണ്ട് തൈച്ച് ഉണ്ടാക്കിയ കുട്ടിക്കുപ്പായം, ബഡ്ഷീറ്റ്, ഫ്‌ളവർ ബേസ്, മാല, ചിപ്പികൊണ്ടുള്ള ആഭരണങ്ങൾ എന്നിവ കരവിരുതിന്റെ പ്രതിഭാ പ്രകടനമായി. ജിദ്ദ ഹോസ്റ്റൽ, ഉമർ ഫറൂഖ് ഹോസ്റ്റൽ, ഡഫ് ഹോസ്റ്റൽ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് സ്റ്റാളുകൾക്ക് നേതൃത്വം നൽകിയത്. സംസ്ഥാന തല കുടുംബ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചർ സ്റ്റാളുകൾ സന്ദർശിച്ചു.