വടവുകോട് – പുത്തൻകുരിശ് പഞ്ചായത്തിലെ അമ്പലമേട് അമൃത കുടീരം നിവാസികൾക്ക് വീടൊരുങ്ങുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ പെടുത്തി സംസ്ഥാന സർക്കാരും പഞ്ചായത്തും സംയുക്തമായാണ് ഇവിടുത്തെ 124 കുടുംബങ്ങൾക്ക് വീടൊരുക്കുന്നത്. പദ്ധതിക്കായി 5.96 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 2.48 കോടി രൂപ സർക്കാരും 3.48 കോടി രൂപ പഞ്ചായത്തും വഹിക്കും. ഇതിൽ ഒരു കോടി രൂപ പദ്ധതിക്കായി ഭൂമിയൊരുക്കാനാണ് ചെലവിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. വേലായുധൻ പറഞ്ഞു. കൊച്ചി നഗരത്തിലെ വിവിധ പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെട്ട 124 കുടുംബങ്ങളാണ് ഇവിടെയുള്ളത്. 2003 മുതൽ ഇവിടുത്തെ ജി.സി.ഡി.എ വക സ്ഥലത്ത് താമസിച്ചിരുന്ന ഇവർക്ക് അമൃതാനന്ദമയി ട്രസ്റ്റാണ് താൽക്കാലികമായി വീട് നിർമ്മിച്ച് നൽകിയത്. എന്നാൽ കക്കൂസുകളോ മറ്റ് അടിസ്ഥാന്ന സൗകര്യങ്ങളോ ഈ വീടുകൾക്കുണ്ടായില്ല. 200 അടി മാത്രമുള്ള കോൺക്രീറ്റ് വീടുകൾ ചോർന്നൊലിക്കുന്ന അവസ്ഥയിലായതോടെ പഞ്ചായത്ത് മുൻകൈ എടുത്ത് ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടിയാണ് ഇവർ കഴിയുന്നത്. 124 കുടുംബങ്ങൾക്കായി 40 പൊതു കക്കൂസുകളാണുണ്ടായിരുന്നത്. നിലവിൽ 6 എണ്ണം മാത്രമാണ് ഉപയോഗപ്രദമായത്. ഇവർ താമസിച്ചിരുന്ന 1.85 സെന്റ് സ്ഥലത്തിന് 2005ലാണ് പട്ടയം ലഭിച്ചത്. ഇവരുടെ ദുരിതാവസ്ഥക്ക് പരിഹാരം തേടി പഞ്ചായത്ത് കഴിഞ്ഞ മെയ് 30ന് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. തുടർന്നാണ് ലൈഫ് മിഷനിൽ ഉൾപെടുത്തി ഇവർക്ക് വീട് നിർമ്മിക്കാൻ വഴി തെളിഞ്ഞത്. നിലവിൽ ഇവർക്കായുള്ള 3.14 ഏക്കർ സ്ഥലത്താണ് വീട് നിർമ്മിക്കുന്നത്.400 ചതുരശ്രയടി വീടിൽ രണ്ട് ബെഡ് റൂം , ഹാൾ, അടുക്കള, ബാത്റൂം അടക്കമുള്ള സൗകര്യങ്ങളൊരുക്കും വഴി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ശേഷം 2 മാസത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. മാർച്ചിന് മുമ്പ് മുഴുവൻ വീടുകളും പൂർത്തിയാക്കും.