നിറസദസ്സിനുമുന്നിൽ കെ.പി.എ.സിയുടെ നിത്യഹരിത നാടകം ‘മുടിയനായ പുത്രൻ’ വീണ്ടും തലസ്ഥാനനഗരിയിൽ അരങ്ങേറി. സി. കേശവന്റെ അമ്പതാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിനോടനുബന്ധിച്ചാണ് നാടകം അവതരിപ്പിച്ചത്.
1957ലാണ് തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവഹിച്ച മുടിയനായ പുത്രൻ ആദ്യം വേദിയിലെത്തുന്നത്. ഭൂവുടമയിൽ അധിഷ്ഠിതമായ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയിൽ തെമ്മാടിയാകേണ്ടി വന്നയാൾക്ക് സ്നേഹത്തിലൂടെ മാനസാന്തരം സംഭവിക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. രാജ്കുമാർ എന്ന നടനാണ് ഇപ്പോൾ പ്രധാന കഥാപാത്രമായ കളീക്കൽ രാജന്റെ വേഷമിടുന്നത്. 20 വർഷം മുമ്പ് ഇരുപത്തിരണ്ടാമത്തെ വയസിൽ കളീക്കൽ രാജന്റെ വേഷമിട്ടു തുടങ്ങിയതാണ് രാജ്കുമാർ.

മെഹമൂദ് കുറുവ, കലേഷ്, നകുലൻ, കനിതർയാദവ്, ശെൽവി, കെ. കെ. വിനോദ്, അനിത ശെൽവി, താമരക്കുളം മണി, സീതമ്മ വിജയൻ, സ്നേഹ എന്നിവരാണ് അരങ്ങിലെത്തിയ മറ്റു താരങ്ങൾ. ആർട്ടിസ്റ്റ് സുജാതനാണ് രംഗശിൽപം നിർവഹിച്ചിരിക്കുന്നത്. ആലപ്പി വിവേകാനന്ദനാണ് പശ്ചാത്തല സംഗീതം.
1957ലെ കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതി വ്യക്തമാക്കിയ നാടകത്തിന്റെ പുതിയ പതിപ്പ് പഴയതലമുറയിലുള്ളവരെയും പുതിയ തലമുറയിലുള്ളവരെയും ഒരുപോലെ ആകർഷിച്ചു.
ചെപ്പുകിലുക്കണ ചങ്ങാതി…., അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്…., ഇല്ലിമുളംകാടുകളിൽ…. തുടങ്ങിയ ഗാനങ്ങൾ പുതിയ പതിപ്പിലും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.