ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി-രണ്ടിന്റെ ഘടക പദ്ധതിയായ ഒരു നെല്ലും ഒരു മീനും പദ്ധതി ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
400 ഹെക്ടര്‍ പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുന്നത്. നെ വിളവെടുപ്പിന് ശേഷം നാലു മാസക്കാലം മത്സ്യകൃഷി ചെയ്ത് അതില്‍ നിന്നുള്ള ആദായത്തോടൊപ്പം പാടശേഖരത്തിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിച്ച് നെല്‍കൃഷി ഉത്പാദനം വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിഷരഹിതമായ മത്സ്യ-നെല്‍കൃഷിയിലൂടെ ഉണ്ടായ നെല്ല് ചിറക്കര ബ്രാന്‍ഡില്‍ വിപണനം നടത്തുന്നതുപോലെ മത്സ്യവിപണനവും നടത്തണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ മത്സ്യകൃഷിക്ക് ഉപയോഗിക്കുന്ന മത്സ്യവിത്ത് കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹാച്ചറികളില്‍ നിന്നുമാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപു, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല, ജില്ലാ പഞ്ചായത്തംഗം എന്‍ രവീന്ദ്രന്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം മായാ സുരേഷ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അനിതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
