സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി സ്‌കൂളുകളും വരുന്ന രണ്ടുമാസത്തിനുള്ളില്‍ ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനങ്ങള്‍ക്കു മുന്നില്‍ വെച്ച വലിയ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. പൊതു വിദ്യാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ അക്കാദമിക മികവ് പുലര്‍ത്തുന്നവരാകണം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താന്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. പരീക്ഷകള്‍ക്ക് വേണ്ടി പഠിക്കുന്നതില്‍ നിന്നും മാറി പ്രായോഗിക വിദ്യാഭ്യാസത്തിനാണ് നവീകരിച്ച പാഠ്യപദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ച പാഠ്യപദ്ധതി ഉള്ള സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കേരള സര്‍ക്കാര്‍ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍നിന്ന് എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള അനുമോദനത്തിനും കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനായി വിരമിക്കുന്ന കെ കെ ശിവദാസന്‍ മാസ്റ്റര്‍ ക്കുള്ള യാത്രയയപ്പിനുമായി കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി അധ്യക്ഷനായി. കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി പൂര്‍വവിദ്യാര്‍ത്ഥികള്‍ സംഭാവന ചെയ്ത കുടിവെള്ള ശുദ്ധീകരണ സംവിധാനം മന്ത്രി വിദ്യാലയത്തിന് സമര്‍പ്പിച്ചു. എന്റെ സ്‌കൂള്‍ പദ്ധതിയിലൂടെ 100% വിജയം കൈവരിച്ച ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ 7 സ്‌കൂളുകളെ ചടങ്ങില്‍ അനുമോദിച്ചു, പ്ലസ് ടു പരീക്ഷയില്‍ 1200 മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളായ നേഹ നസ്‌റിന്‍,അനുവിന്ദ്, അഭിനവ് കൃഷ്ണ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രതിഭ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ശോഭ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ രൂപലേഖ കൊമ്പിലാട്, വി എം കമലാക്ഷി, യശോദ തെങ്ങിട, മെമ്പര്‍മാരായ കെ കെ പരീദ്, വി കെ ഷീബ, പി എന്‍ അശോകന്‍, എം പി നദീഷ് കുമാര്‍, വിഎം പ്രമീള, യുകെ സിറാജ് മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോക്കല്ലൂര്‍ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് മുസ്തഫ ദാരുകല സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ പി പുഷ്പരാജ് നന്ദിയും പറഞ്ഞു