ഒന്നു മുതൽ 25 കിലോ വാട്ട് വരെ വൈദ്യുത ശേഷിയുള്ള സോളാർ ഓൺലൈൻ യു.പി.എസ്. സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കായി അനെർട്ട് അപേക്ഷ ക്ഷണിച്ചു. പകൽ വൈദ്യൂതി ഉപഭോഗം കൂടിയ സ്ഥാപനങ്ങളിൽ വൈദ്യുതനില സ്ഥിരതയോടെ നിലനിർത്തുന്നതിനുള്ള സംവിധാനമാണ് സോളാർ ഓൺലൈൻ യു.പി.എസ്. പദ്ധതി ചെലവിന്റെ 30 ശതമാനം തുക സബ്‌സിഡി ലഭിക്കും. പദ്ധതിക്കുള്ള അപേക്ഷകർ ജൂലൈ 15 വൈകിട്ട് അഞ്ച് മണിക്ക് മുൻപ് അനെർട്ട് വെബ്‌സൈറ്റിൽ (www.anert.gov.inഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം.  കൂടുതൽ വിവരങ്ങൾക്ക് 1800 425 1803 (ടോൾഫ്രീ).
സൗരോർജ്ജ വൈദ്യുതിയുടെ നിലവിലെ വൈദ്യുതബിൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ആവശ്യമായ വൈദ്യുതിക്ക് അനുസൃതമായി ലോഡിലേക്ക് വൈദ്യുതി പ്രവഹിക്കുവാൻ കഴിയും എന്നതാണ് സോളാർ ഓൺലൈൻ യു.പി.എസിന്റെ പ്രത്യേകത. ഏതെങ്കിലും കാരണത്താൽ സൗരോർജ്ജ ലഭ്യത കുറയുകയാണെങ്കിൽ ശൃംഖലയിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കാൻ സാധിക്കും. വെയിൽ ലഭ്യതയുള്ള 10 മീറ്റർ സ്‌ക്വയർ സ്ഥലം ഒരു കിലോവാട്ട് സോളാർ പാനൽ സ്ഥാപിക്കുന്നതിന് ആവശ്യമാണ്. വൈദ്യുത ഉപഭോഗത്തിനനുസരിച്ച് വ്യത്യസ്ത മാതൃകയിലുള്ള ഓൺലൈൻ യു.പി.എസുകൾ  ലഭ്യമാണ്.