കാക്കനാട് : പ്രളയ ദുരിതാശ്വാസത്തിന് പുതുതായി അപ്പീൽ സമർപ്പിച്ച അപേക്ഷകളുടെ ഫീൽഡ് പരിശോധന നടത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനിയർമാർക്ക് പരിശീലനം നൽകി. ജൂലൈ 9ന് ഫീൽഡ് പരിശോധന ആരംഭിക്കും .പരിശോധന ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകും. പഞ്ചായത്ത് സെക്രട്ടറി അംഗീകാരം നൽകിയാൽ ഒരാഴ്ച്ചക്കുള്ളിൽ ബാങ്ക് അക്കൗണ്ടുകളിൽ പണം ലഭിക്കും. പ്രളയ ദുരിതാശ്വാസത്തിന് അപ്പീൽ നൽകാൻ സർക്കാർ രണ്ടാമതും അവസരം നൽകിയപ്പോൾ ജില്ലയിൽ 1,07000 അപേക്ഷകളാണ് ലഭിച്ചത്.
50 സെന്റിമീറ്റർ പൊക്കത്തിൽ വെള്ളം കയറിയതും ചെയറിയ കേടുപാടുകൾ വന്നതോ 10 ശതമാനത്തിൽ താഴെ മേച്ചിലോടുകൾ നഷ്ടമായ വീടുകൾക്ക് 15 ശതമാനം നാശനഷ്ടവും വെള്ളം കയറിയതുകൊണ്ട് കേടുപാടുകൾ വന്നതും ഇലക്ട്രിക്കൽ പ്ലംബിങ് തകരാറുകൾ വന്നതോ മേൽക്കൂരയുടെ 25 ശതമാനം വരെ മേച്ചിൽ ഓടുകൾ നഷ്ടമായതും ഇലക്ട്രിക് പ്ലംബിങ്ങ് തകരാറുകൾ വന്നതുമായ വീടുകൾ 16 മുതൽ 29 ശതമാനം വരെ നാശനഷ്ടം ഉള്ളതായി കണക്കാക്കും. ജനലും വാതിലും മുങ്ങുന്ന പൊക്കത്തിൽ വെള്ളം കയറിയതുമൂലം ചുമരുകൾ ദുർബലമായതും പൊട്ടലുകൾ വന്നതോ 50 ശതമാനത്തിലേറെ മേച്ചിൽ ഓടുകൾ നഷ്ടമായി എന്നാൽ മേച്ചിൽ കൂടിന് തകരാർ സംഭവിക്കാത്ത വീടുകൾ 30 മുതൽ 59 ശതമാനം നാശ നഷ്ടം സംഭവിച്ചതായി കണക്കാക്കും. ഒന്നോ അതിലധികമോ ചുമരുകൾ തകർന്നതും ഓടുകൾ നഷ്ടമായതും എന്നാൽ മേൽക്കൂരയ്ക്ക് തകരാർ സംഭവിക്കാത്ത വീടുകൾക്ക് 60 മുതൽ 74 ശതമാനം വരെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കും. മേൽക്കൂര തകർന്ന വീടുകൾ 75 ശതമാനത്തിലധികം നാശനഷ്ടമുള്ളതായി പരിഗണിക്കും.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിക്ക് ജില്ലാ കളക്ടർ എസ്. സുഹാസ് , ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ഷീലാ ദേവി എന്നിവർ നേതൃത്വം നൽകി.