കൊച്ചി: എഞ്ചിനീയറിംഗ് മേഖല വിപുലീകരിക്കേണ്ടത് എല്ലാ വ്യവസായങ്ങളുടെയും വളർച്ചക്ക് അത്യാവശ്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ അഭിപ്രായപ്പെട്ടു. വ്യവസായ – വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ കെ-ബിപി ന്റെ സഹകരണത്തോടെ ജനറൽ എഞ്ചിനീയറിംഗ് മേഖലയെ കുറിച്ച് നടത്തിയ ശിൽപ ശാലയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്പർശിക്കുന്ന ഒന്നായി എഞ്ചിനീയറിംഗ് മേഖല മാറി. ഭൂകമ്പങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ഇതിന്റെ പ്രാധാന്യം അനുദിനം വർധിക്കുകയാണ്. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് ഏറ്റവും വലിയ മാറ്റങ്ങൾ സംഭവിക്കുന്നത് വ്യവസായ മേഖലയിലാണ്. പ്രധാനപ്പെട്ട വ്യവസായം എന്ന നിലയിൽ എഞ്ചിനീയറിംഗ് രംഗത്തും കുതിപ്പിന് ലോകം സാക്ഷ്യം വഹിക്കുകയാണ്. കാലഘട്ടത്തിനനുസരിച്ച് എഞ്ചിനീയറിംഗ് എഞ്ചിനീയറിംഗ് മേഖല വിപുലീകരിക്കേണ്ടതുണ്ട്. ഐ.റ്റി രംഗത്തെ സാധ്യതകളും ഇതിനായി ഉപയോഗിക്കണം. ഈ മാറ്റങ്ങൾ ഉൾകൊണ്ടാണ് സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് ഇത്തരം പരിശീലനക്കളരികൾ സംഘടിപ്പിക്കുന്നത്. ഈ ശിൽപശാലയിൽ നിന്ന് ഉരുത്തിരിയുന്ന നിർദ്ദേശങ്ങൾ തുടർ നടപടികൾക്കായി സർക്കാർ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ബിജു മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.എം.ഇ. ഡയറക്ടർ എം.പളനിവേൽ, മലപ്പുറം മെറ്റൽസ് എം.ഡി. ദ്വാരക ഉണ്ണി തുടങ്ങിയവർ സംസാരിച്ചു. വ്യവസായ – വാണിജ്യ വകുപ്പ് അഡീ. ഡയറക്ടർ കെ.എസ്. പ്രദീപ് കുമാർ സ്വാഗതവും കെ-ബിപ് സി.ഇ.ഒ എസ്. സന്തോഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളിൽ ഡോ: പി.ആർ. വെങ്കിടേശ്വരൻ, കെ.ഗണേഷ് കുമാർ (വെൽഡിങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ട്രിച്ചി), എസ്.മോഹൻ, ജേക്കബ് ഫിലിപ്പ്, ശിവൻകുട്ടി ( വി.എസ്.എസ്.സി, തിരുവനന്തപുരം), ജി.എസ്.പ്രകാശ് ( എം സ്. എം. ഇ, തൃശൂർ,), മനേഷ് മോഹൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.