ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 11 ജില്ലകളിലെ 28 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ 20 ഗ്രാമപഞ്ചായത്ത് വാർഡുകളിലെയും തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡിലെയും കോഴിക്കോട് ജില്ലയിലെ രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലെയും തിരുവനന്തപുരം ജില്ലയിലെ ഒരു ജില്ലാപഞ്ചായത്ത് വാർഡിലെയും എറണാകുളം ജില്ലയിലെ ഒരു നഗരസഭാ വാർഡിലെയും പാലക്കാട് ജില്ലയിലെ രണ്ട് നഗരസഭാ വാർഡുകളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്.
ഈ വാർഡുകളിലെ കരട് വോട്ടർപട്ടിക ഇന്ന് (ജൂലൈ ഒൻപത്) പ്രസിദ്ധീകരിക്കും.  അവകാശവാദങ്ങളും ആക്ഷേപങ്ങളും ജൂലൈ 23 വരെ ഓൺലൈനായി സമർപ്പിക്കാം. പേര് ഉൾപ്പെടുത്തുന്നതിന് – ഫാറം 4, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് – ഫാറം 6 പോളിംഗ് സ്റ്റേഷൻ/വാർഡ് സ്ഥാനമാറ്റം – ഫാറം 7 എന്നീ അപേക്ഷകളാണ് ഓൺലൈനായി സ്വീകരിക്കുക.  പേര് ഒഴിവാക്കുന്നതിന് ഫാറം-5-ൽ നേരിട്ടോ രജിസ്റ്റേർഡ് തപാലിലൂടെയോ അപേക്ഷിക്കണം.
അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീർപ്പ് കൽപ്പിക്കുന്നതിനുള്ള അവസാന തിയതി ആഗസ്റ്റ് രണ്ട് ആണ്.  അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തിയതിയായ 2019 ജനുവരി ഒന്നിനോ, അതിനുമുമ്പോ അപേക്ഷകർക്ക് 18 വയസ് തികഞ്ഞിരിക്കണം. കരട് വോട്ടർപട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ ഓഫീസുകളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. നിലവിലെ പട്ടിക www.lsgelection.kerala.gov.in -ൽ ലഭ്യമാണ്.
തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്തിലെ മണമ്പൂർ, പോത്തൻകോട് ബ്ലോക്ക്പഞ്ചായത്തിലെ കണിയാപുരം, കാരോട് ഗ്രാമ പഞ്ചായത്തിലെ കാന്തള്ളൂർ, ചെങ്കലിലെ മര്യാപുരം, കുന്നത്തുകാലിലെ നിലമാമൂട്, അമ്പൂരിയിലെ തുടിയംകോണം, പോത്തൻകോടിലെ മണലകം, പാങ്ങോടിലെ അടപ്പുപാറ, കൊല്ലം ജില്ലയിൽ, കുണ്ടറ ഗ്രാമ പഞ്ചായത്തിലെ റോഡ് കടവ്, കുളക്കടയിലെ  മലപ്പാറ, പത്തനംതിട്ട ജില്ലയിൽ, നാറാണം മൂഴി  ഗ്രാമ പഞ്ചായത്തിലെ കക്കുടുമൺ, കോട്ടയം ജില്ലയിൽ, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ആനിക്കാട്, ഇടുക്കി ജില്ലയിൽ അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കൊന്നത്തടി, എറണാകുളം ജില്ലയിൽ, കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഉണിച്ചിറ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളി, തൃശൂർ ജില്ലയിൽ, കുഴൂർ ഗ്രാമപഞ്ചായത്തിലെ കുഴൂർ, പാലക്കാട് ജില്ലയിൽ, ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ ഷൊർണൂർ ടൗൺ, പാലക്കാട് മുനിസിപ്പാലിറ്റിയിലെ നരികുത്തി, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മുന്നൂർക്കോട് നോർത്ത്, തെങ്കരയിലെ മണലടി, പല്ലശ്ശനയിലെ മഠത്തിൽക്കളം, നെല്ലിയാമ്പതിയിലെ പുലയമ്പാറ, മലപ്പുറം ജില്ലയിൽ, മങ്കട ഗ്രാമപഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ്, നന്നംമുക്കിലെ പെരുമ്പാൾ, കോഴിക്കോട് ജില്ലയിൽ, മേലടി ബ്ലോക്ക് പഞ്ചായത്തിലെ തിക്കോടി, കുന്ദമംഗലത്തിലെ പൂവാട്ടുപറമ്പ് കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പടിയക്കണ്ടി, കാസർഗോഡ് ജില്ലയിൽ, ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കാരക്കാട് എന്നീ വാർഡുകളിലെ വോട്ടർപട്ടികയാണ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുക്കുന്നത്.