ജനങ്ങളുടെ വിശക്കുന്നവയറു നിറയ്ക്കാന്‍ ഓടിനടക്കുന്ന പ്രിന്‍സിയുടെ മനസ് നിറച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരായിരുന്നു റാന്നി അങ്ങാടി സ്വദേശിനി പ്രിന്‍സി തോമസും കുടുംബവും. ചെറു തട്ടുകട ഉപജീവന മാര്‍ഗമാക്കിയ പ്രിന്‍സിക്ക് പ്രളയത്തില്‍ ആകെയുള്ള കിടപ്പാടമൊലിച്ചു പോകുന്നത് കണ്ടു നില്‍ക്കാനേ കഴിഞ്ഞുള്ളു. എന്നാല്‍,  സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ റീബില്‍ഡ് കേരള പദ്ധതിയില്‍ സ്വന്തം സ്ഥലത്ത് ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് പ്രിന്‍സിയും കുടുംബവും.

കൈവശരേഖ മാത്രമുള്ള റാന്നി ഉപാസനക്കടവിലെ ഭൂമിയിലാണ് കഴിഞ്ഞ 36 വര്‍ഷമായി ഇവര്‍ കഴിഞ്ഞിരുന്നത്.  കാലവര്‍ഷം എന്നും പ്രിന്‍സിക്ക് പേടി സ്വപ്നമായിരുന്നു. ചെറിയ മഴയില്‍ പോലും വെള്ളം കയറുന്ന ഉപാസനക്കടവില്‍ ഭീതിയോടെയല്ലാതെ ഒരു ദിവസവും ജീവിക്കുക സാധ്യമായിരുന്നില്ല. സര്‍വതും പ്രളയമെടുത്ത് ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് കൈതാങ്ങായത്.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 95100 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും രണ്ടു ഗഡുക്കളായി 1,52,450 രൂപയും ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നാലു ലക്ഷം രൂപയും മിച്ചം പിടിച്ച് സ്വരുകൂട്ടിയതും ഉപയോഗിച്ചാണ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ റാന്നി  അങ്ങാടിയില്‍ പുതിയ വീടിന്റ നിര്‍മാണം ഇവര്‍
പൂര്‍ത്തീകരിച്ചത്. വെള്ളം കയറാത്ത സുരക്ഷിതമായ നാലു സെന്റ് സ്ഥലം പ്രിന്‍സിയും കുടുംബവും റാന്നി അങ്ങാടിയില്‍ വാങ്ങി. ഇതിലാണ് പുതിയ വീട് വച്ചത്.

രണ്ടു  കിടപ്പ് മുറികള്‍, ഒരു ഹാള്‍, അടുക്കള, ശുചിമുറി എന്നിവ അടങ്ങിയ വീടിന് 900 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. മഹാപ്രളയം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ട് മറ്റൊരു കാലവര്‍ഷമെത്തുമ്പോള്‍ വെള്ളം കയറാത്ത ഉറപ്പുള്ള  സ്വന്തം വീട്ടില്‍ പെയിന്റ് പണിക്കാരനായ ഭര്‍ത്താവ് മത്തായി വര്‍ഗീസും, രണ്ടു മക്കളുമടങ്ങുന്ന പ്രിന്‍സിയുടെ കുടുംബം സര്‍ക്കാരിന്റെ കരുതലില്‍ സുരക്ഷിതരാണ്.