കുറുപ്പംപടി: മഹിളാ കിസാൻ ശാക്തീകരൺ പരിയോജന പദ്ധതിയുടെ ഭാഗമായി കൂവപ്പടിയിൽ യന്ത്രവത്കൃത നെൽകൃഷിക്ക് തുടക്കമായി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡന്റ് കെ.പി.വർഗീസ് യന്ത്രവത്കൃത നെൽകൃഷി ഉദ്ഘാടനം ചെയ്തു.

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ദാരിദ്ര്യ ലഘൂകരണ പദ്ധതിയാണ് എം കെ എസ് പി.

യന്ത്രവത്കൃത കൃഷി സമ്പ്രദായങ്ങളിൽ വനിതകൾക്ക് പരിശീലനം നൽകി, നെൽകൃഷി പുനരുദ്ധരിക്കുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
സ്ത്രീകളുടെ വരുമാനം വർദ്ധിപ്പിക്കുക , പാഴ്നിലങ്ങളെ കൃഷി യോഗ്യമാക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുക , കർഷക തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.

നെൽകൃഷിയുടെ വിളവെടുപ്പ് വരെയുള്ള ഘട്ടം യന്ത്രത്തിന്റെ സഹായത്തോടെ പൂർത്തിയാക്കുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്. നടീൽ വരെയുള്ള പരിശീലനമാണ് നിലവിൽ പൂർത്തിയാക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രതിവർഷം കുറഞ്ഞത് 40 ദിവസമെങ്കിലും മഹാത്മ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുത്തിട്ടുള്ള 18 നും 50 നും മദ്ധ്യേ പ്രായമുള്ള വനിതകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
40 വനിതകൾക്ക് യന്ത്രവത്കൃത നെൽകൃഷിയിൽ പരിശീലനം നൽകി. യന്ത്രങ്ങൾ, പരിശീലനത്തിനുള്ള ചെലവ് എന്നിവ എം കെ എസ് പി നിർവഹിക്കും.

പഞ്ചായത്തംഗങ്ങളായ പോൾ ഉതുപ്പ് ,മിനി ബാബു, പ്രകാശ് എം പി, സീന ബിജു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.