മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു
സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സംഘടിപ്പിച്ച വായ്പ തീര്‍പ്പാക്കല്‍ അദാലത്തില്‍ കോട്ടയം ജില്ലയില്‍ 31 പേര്‍ക്കായി 2,49,55,423 രൂപയുടെ ഇളവ് അനുവദിച്ചു. ഇത്രയും ഇടപാടുകാരില്‍നിന്ന് ആകെ ലഭിക്കേണ്ടിയിരുന്നത് 3,06,76,954 രൂപയാണ്. 43 വായ്പാ കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്.
റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 214 കോടിയോളം രൂപ ഭവന നിര്‍മാണ ബോര്‍ഡിന് പിരിഞ്ഞു കിട്ടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വായ്പ തിരിച്ചടക്കാന്‍ ശേഷിയില്ലാത്തവരും ശേഷിയുണ്ടായിട്ടും തിരിച്ചടയ്ക്കാത്തവരുമുണ്ട്. ബോര്‍ഡിന് കിട്ടാനുള്ള പണം വീണ്ടെടുക്കുന്നതിനും ബോര്‍ഡിന്റെ പക്കലുള്ള രേഖകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ഇടപാടുകാരെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തുടക്കം കുറിച്ച അദാലത്തില്‍ തീരുമാനിക്കുന്ന തുക ഇടപാടുകള്‍ മൂന്നു മാസംകൊണ്ടാണ് അടച്ചു തീര്‍ത്താല്‍ മതിയാകും. ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഇടപാടുകാര്‍ ശ്രമിക്കണം-അദ്ദേഹം പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ജെസിമോള്‍ മനോജ്, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ഭവനനിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ആന്‍സി കെ. കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.