ആധുനിക സമൂഹത്തിന് അംഗീകരിക്കാനാവാത്ത വിധത്തില്‍ ജയിലില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. മലമ്പുഴ മന്തക്കാട് ജില്ലാ ജയിലില്‍ നടന്ന ജയില്‍ ഉദ്ഘാടനപരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക ചികിത്സ ആവശ്യമായ രോഗമാണ് കുറ്റവാസന. ഈ അവസ്ഥയില്‍ നിന്ന് കുറ്റവാളികളെ തിരുത്തി നേരായ മാര്‍ഗ്ഗത്തിലേക്ക് മാറ്റുന്നതിനുള്ള തിരുത്തല്‍ കേന്ദ്രങ്ങളാകണം ജയിലുകളെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളാലാണ് ചിലര്‍ കുറ്റവാളികള്‍ ആകുന്നത്. സ്വഭാവ രൂപീകരണം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി തടവുപുള്ളികളെ നേരായ മാര്‍ഗത്തിലേക്ക് വഴി തിരിച്ചു വിടേ ത്് ജയില്‍ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. പാലക്കാട് ടിപ്പുസുല്‍ത്താന്‍ കോട്ടയില്‍ 1950ല്‍ സബ് ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പരിധിയിലായതിനാല്‍ സബ് ജയിലില്‍ പശ്ചാത്തല വികസനം നടത്താനാവാത്ത സ്ഥിതിയിലായിരുന്നു. ഈ സാഹചര്യത്തില്‍ എം.എല്‍.എ. വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ഏറ്റെടുത്ത് ജയില്‍ വകുപ്പിന് കൈമാറിയതിനെ തുടര്‍ന്ന് 2018 ലാണ് ജില്ലാ ജയില്‍ നിര്‍മാണം ആരംഭിച്ചത്. പ്രളയകാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ജയിലില്‍നിന്ന് പാകപ്പെടുത്തിയ ഭക്ഷണം വിതരണം ചെയ്തിരുന്നു. ഇത്തരത്തിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും സാമൂഹികപ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടരുമെന്നും മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.