ജലപ്രതിസന്ധി നേരിടുന്ന ജില്ലയുടെ പാരിസ്ഥിതിക മുഖച്ഛായ തന്നെ മാറ്റി കാസര്‍കോടിനെ ദക്ഷിണേന്ത്യയുടെ മുളതലസ്ഥാനമാക്കുന്ന ബാംബൂ കാപിറ്റല്‍ പദ്ധതിയുടെ ജനകീയ ഉദ്ഘാടനം ഈ മാസം 13ന് നടക്കും. ആദ്യ ഘട്ടത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ രാവിലെ പത്തിനും പതിനൊന്നിനുമിടയിലായി മൂന്നുലക്ഷം മുളതൈകള്‍ നട്ടുപിടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. കാസര്‍കോട്, മഞ്ചേശ്വരം പരിധിയിലെ ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന പരിപാടിയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗ്രാമ പഞ്ചായത്തുകളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും വാര്‍ഡുകളില്‍ വാര്‍ഡ് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. രാജ്യത്ത് തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ചേക്കാവുന്ന പദ്ധതി നിരീക്ഷിക്കാന്‍ കേന്ദ്രസംഘവും സന്ദര്‍ശനം നടത്തും. പദ്ധതിയിലൂടെ ഭൗമോപരിതലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് പഠനം നടത്താന്‍ ഐഎസ്ആര്‍ഒ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജില്ലയില്‍ മുളവ്യാപിപ്പിക്കുന്നത് വെള്ളത്തെ ഭൂമിയിലേക്ക് തന്നെ ഇറക്കാന്‍ സഹായിക്കും. 12 നദികളുണ്ടായിട്ടും വെള്ളമെല്ലാം കടലിലെത്തി നമുക്ക് നഷ്ടപ്പെടുകയാണ്. താരതമ്യേന വ്യാവസായിക സംരഭങ്ങള്‍ കുറവായ ജില്ലയില്‍ റവന്യൂ ഭൂമികള്‍ തരിശായി കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരണ്ടുണങ്ങിയ ഇത്തരം ചെങ്കല്‍ പ്രദേശങ്ങളെ ഹരിതാഭമാക്കാനാണ് വിപുലമായ പദ്ധതി തയ്യാറാക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളാണ് പദ്ധതിക്കാവശ്യമായ കുഴികളുണ്ടാക്കുന്നതും മുളത്തൈകളുടെ മൂന്നുമാസത്തോളം വരുന്ന പരിപാലനം നടത്തുകയും ചെയ്യുന്നത്. പദ്ധതിയിലൂടെ മണ്ണിലുണ്ടാകുന്ന ഘടനാപരമായ മാറ്റം പഠനവിധേയമാക്കുന്നതിന്റെ ഭാഗമായി ഈ മാസം 12ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ മുളപദ്ധതി നടപ്പിലാക്കുന്ന വിവിധ പ്രദേശങ്ങളില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കും. ഭൂഗര്‍ഭ ജലവകുപ്പിന്റെ നേതൃത്വത്തില്‍ ജലവിതാനത്തിന്റെ അളവുകളും രേഖപ്പെടുത്തും. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, എകെഎം അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ കെ പ്രദീപന്‍, എഡിസി (ജനറല്‍) ബെവിന്‍ ജോണ്‍, ഹരിതകേരളം മിഷന്‍ പ്രതിനിധി എ പി അഭിരാജ്, ജൂനിയര്‍ ഹൈഡ്രോളജിസ്റ്റ് ഡോ. കെ എ പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
