മൂവാറ്റുപുഴ: അര്‍ബുദത്തിന്റെ വേദനകളില്‍ ഞെരിഞ്ഞമരുമ്പോഴാണ് ആയവന തൊമ്മംകുടിയില്‍ ഭവാനി(75)യുടെ കൂര പ്രളയമെടുത്തത്. പ്രളയ ഭികരതയില്‍ സര്‍വതും നശിച്ചതോടെ ഉളളതെല്ലാം കെട്ടിപ്പറുക്കി ശൂന്യതയിലേക്കിറങ്ങിയ ഭവാനിയടക്കം ഒമ്പത് കുടുംബങ്ങള്‍ക്കാണ് മൂവാറ്റുപുഴയില്‍ സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതിയിലൂടെ സുരക്ഷിത ഭവനമൊരുക്കിയത്. ഒരു വര്‍ഷം മുമ്പുണ്ടായ പ്രളയത്തില്‍ കാളിയാര്‍ കരകവിഞ്ഞതോടെയാണ് ഭവാനിയുടെ ആകെയുണ്ടായിരുന്ന ചെറ്റക്കൂര വെളളമെടുത്തത്. വെളളമിറങ്ങികഴിഞ്ഞപ്പോള്‍ വീടിരുന്നിടത്ത് അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അര്‍ബുദരോഗവും പ്രായാധിക്യവും ജിവിതത്തില്‍ വില്ലനായതോടെ അവരെ സംബന്ധിച്ചിടത്തോളം ഭാവി ഇരുളടഞ്ഞതായി. വീടെന്ന സ്വപ്‌നം മറ്റാരും തുണയില്ലാത്ത അവര്‍ക്ക് അപ്രാപ്യവുമായി. ഈ സന്ദര്‍ഭത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതിയിലൂടെ ഏനാനല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് ഇവരുടെ വീട് നിര്‍മ്മാണം ഏറ്റെടുത്തത്. നാല് മാസം കൊണ്ട് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി ബാങ്ക് പ്രസിഡന്റ് ജീമോന്‍പോളിന്റെ നേതൃത്വത്തില്‍ ഭരണ സമിതിയംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ഇവര്‍ക്ക് കൈമാറി. ആരും തുണക്കില്ലാതിരുന്ന ഈ വൃദ്ധക്ക് അങ്ങനെയാണ് കെയര്‍ഹോം പദ്ധതി സുരക്ഷയൊരുക്കിയത്. ഇവരടക്കം പ്രളയം എല്ലാം തകര്‍ത്ത ഒമ്പത് കുടുംബങ്ങള്‍ക്കാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലൂടെ കെയര്‍ഹോം പദ്ധതിയിലൂടെ വീടൊരുക്കിയത്. പദ്ധതിക്ക് കീഴില്‍ ഏനാനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് രണ്ട് വീടുകളും, മേക്കടമ്പ് സര്‍വീസ് സഹകരണ ബാങ്ക് നാല് വീടുകളും നിര്‍മ്മിച്ചു. പായിപ്ര, വാളകം, മാറാടി സര്‍വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓരോ വീടുകളും നിര്‍മ്മിച്ചു നല്‍കി. ആയവന പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എം.കെ.രാജന്‍, മാറാടി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ രാമചന്ദ്രന്‍, വാളകം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ ശോശാമ്മജോര്‍ജ്, വാളകം പഞ്ചായത്തിലെ ഏലിയാമ്മ ഓലിക്കല്‍, പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ എല്‍ദോ വര്‍ഗീസ്, അതേ വാര്‍ഡിലെ തന്നെ ഒ.എം.കുര്യാക്കോസ്, എട്ടാം വാര്‍ഡിലെ ഭാരതി, പായിപ്ര പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ കെ.എം.വര്‍ക്കി എന്നിവര്‍ക്കാണ് കെയര്‍ഹോം പദ്ധതിയിലൂടെ വീട് നല്‍കിയത്. സംസ്ഥാനത്തെ നടക്കിയ മഹാപ്രളയത്തിന് ഒരാണ്ട് പിന്നിടുമ്പോള്‍ പ്രളയത്തിന്റെ ഭീതിജനകമായ ഓര്‍മ്മകളോട് വിട പറഞ്ഞ് സുരക്ഷിത ഭവനമൊരുങ്ങിയതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബങ്ങള്‍. കഴിഞ്ഞ ഡിസംബറിലാണ് താലൂക്കില്‍ പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. മെയ്മാസത്തോടെ എല്ലാ വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. ഈ പട്ടികയില്‍ അവസാന വീടിന്റെ താക്കോല്‍ ദാനം അടുത്തയാഴ്ച നടക്കും. 500 മുതല്‍ 600 വരെയുളള ചതുരശ്രയടി വിസ്തീര്‍ണമുളള വീടൊന്നിന് 4,95,100 രൂപ ചെലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. സഹകരണ ബാങ്ക് ഭരണ സമിതികളും ജീവനക്കാരും സഹകരണ വകുപ്പ് ജീവനക്കാരും കൈയ്‌മെയ് മറന്നുളള പ്രവര്‍ത്തനമാണ് വീടുകളുടെ നിര്‍മ്മാണത്തില്‍ കാഴ്ച വച്ചത്. മിക്കവാറും എല്ലാ വീടുകളുടേയും നിര്‍മ്മാണം ബാങ്കുകള്‍ നേരിട്ടാണ് നടത്തിയത്. സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍, എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുളള ജനപ്രതിനിധികളും ബന്ധപ്പെട്ട പഞ്ചായത്ത് ഭരണ സമിതികളും പദ്ധതിയുടെ ഓരോഘട്ടത്തിലും സജീവ ഇടപെടല്‍ നടത്തിയിരുന്നു. അസി.രജിസ്ട്രാര്‍മാരായ വി.ബി.ദേവരാജന്‍, എന്‍.എ.മണി, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കെ.ബി.ദിനേശ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ഫോട്ടോ അടിക്കുറിപ്പ്
1) ആയവന തൊമ്മംകുടിയില്‍ ഭവാനിയുടെ വീട് പ്രളയമെടുത്തപ്പോള്‍
2) കെയര്‍ഹോം പദ്ധതിയിലുടെ ഭവാനിക്ക് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം